ന്യൂഡൽഹി: കൊവിഡിന്‍റെ ഡെൽറ്റ വകഭേദത്തിന് ജനിതകവ്യതിയാനം സംഭവിച്ചുണ്ടായ ഡെൽറ്റ പ്ലസ് വകഭേദം ഇന്ത്യയിൽ അതിവേഗം പടരുന്നതായി റിപ്പോർട്ട്. ആശങ്ക പരത്തുന്ന ഈ വകഭേദത്തെ കുറിച്ച് എട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ ക്ലസ്റ്ററുകളിൽ അടിയന്തിരമായി കണ്ടയ്ൻമെന്‍റ് നടപടികളെടുക്കാനും വാക്സിനേഷൻ വർധിപ്പിക്കാനും കേന്ദ്രം നിർദ്ദേശിച്ചു.
അതിവേഗ വ്യാപനം
തമിഴ്‌നാട്, രാജസ്ഥാൻ, കർണാടക, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ജമ്മു കശ്മീർ, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങൾക്ക് അയച്ച കത്തിലാണ് കേന്ദ്രത്തിന്‍റെ നിർദ്ദേശം. കൊവിഡ് പോസിറ്റീവ് ആയ ആളുകളുടെ സാമ്പിളുകൾ ഇന്ത്യൻ SARS-CoV-2 ജെനോമിക് കൺസോർഷ്യയുടെ നിയുക്ത ലബോറട്ടറികളിലേക്ക് ഉടനടി അയയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.
ആന്ധ്രാപ്രദേശിലെ തിരുപ്പതി, ഗുജറാത്തിലെ സൂറത്ത്, ഹരിയാനയിലെ ഫരീദാബാദ്, ജമ്മു കശ്മീരിലെ കത്ര, രാജസ്ഥാനിലെ ബിക്കാനീർ, പഞ്ചാബിലെ പട്യാല, ലുധിയാന, കർണാടകയിലെ മൈസുരു, തമിഴ്‌നാട്ടിലെ ചെന്നൈ, മധുര, കാഞ്ചീപുരം എന്നിവിടങ്ങളിൽ ആണ് ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയതെന്ന് കേന്ദ്രം പറഞ്ഞു.
വർധിച്ച വ്യാപന ശേഷി, ശ്വാസകോശത്തിലെ റിസപ്റ്റർ കോശങ്ങളുമായി ശക്തമായി ബന്ധിക്കാനുള്ള കഴിവ്, ആന്റിബോഡി പ്രതിരോധത്തിന് വിള്ളൽ വീഴ്ത്താനുള്ള ശേഷി എന്നിവയാണ് ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ പ്രത്യേകതകൾ. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത 51 ഡെൽറ്റ പ്ലസ് കേസുകളിൽ 22 എണ്ണം മഹാരാഷ്ട്രയിൽ നിന്നാണ്.