ഓഗസ്റ്റ് 10ന് റിലീസ് ചെയ്യാനിരിക്കുന്ന ഏറ്റവും പുതിയ രജനികാന്ത് ചിത്രം 'ജയിലറി'ന്‍റെ സെൻസറിങ് വിശദാംശങ്ങൾ ചോർന്നു എന്ന രീതിയിൽ ട്വിറ്ററിൽ വ്യാപക പ്രചരണം. സൺ പിക്ചേഴ്‌സിന്‍റെ ബാനറിൽ നെൽസൺ സംവിധാനം ചെയ്യുന്ന 'ജയിലറി'ൽ തലൈവർ രജനിയെ കൂടാതെ മോഹൻലാൽ, കന്നഡ താരം ശിവരാജ് കുമാർ, തെലുഗു താരം സുനിൽ, തമന്ന, ജാക്കി ഷെറോഫ് എന്നിവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
'ജയിലറി'ന്‍റെ സെൻസർ വിശദാംശങ്ങൾ പുറത്ത് ഇത് ആദ്യമായല്ല ഒരു ചിത്രത്തിന്‍റെ സെൻസറിങ് വിശദാംശങ്ങൾ പുറത്താകുന്നത്. വിജയ് നായകനായി നെൽസൺ തന്നെ സംവിധാനം ചെയ്‌ത 'ബീസ്റ്റി'ന്‍റെയും സെൻസറിങ് വിശദാംശങ്ങൾ റിലീസിന് മുമ്പ് ട്വിറ്ററിലൂടെ പ്രചരിച്ചിരുന്നു. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ 'ജയിലറി'ന്‍റെ കഥ സാരാംശം ഓൺലൈൻ ടിക്കറ്റിങ് സൈറ്റിലൂടെ പ്രചരിച്ചു എന്ന വാർത്തയും വിവാദമായിരുന്നു. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന മലയാള ചലച്ചിത്രം 'ജയിലറി'ന്‍റെ അണിയറ പ്രവർത്തകർ ഇതിനിടയിൽ രജനി ചിത്രത്തിന്‍റെ പേര് മാറ്റണം എന്ന ആവശ്യം ഉന്നയിച്ച് മുന്നോട്ടു വന്നതും വിവാദമായി.
പ്രചരിക്കുന്ന സെൻസർ സർട്ടിഫിക്കട്ടിൽ, ചിത്രത്തിൽ വേണ്ട 11 തിരുത്തലുകളും, 12 സെക്കന്‍റ് ദൈർഘ്യ ക്രമീകരണവും ആണ് നിർദേശങ്ങൾ. അവ ഇപ്രകാരമാണ്:
- 06 മിനിറ്റ് 50-ാം സെക്കന്‍ഡിൽ ധനരാജിന്‍റെ കഥാപാത്രം ഗുണ്ടയെ ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊല്ലുമ്പോൾ ചോര ചിന്തുന്നതിന്‍റെ അളവ് നിയന്ത്രിക്കുക (വീഡിയോ ദൈർഘ്യ വ്യത്യാസം ആവശ്യമില്ല).
- 46 മിനിറ്റ് 07-ാം സെക്കന്‍ഡിൽ (ഷോട്ട് നമ്പർ 20) 'നാൻ എൻജോയ് പണ്ണിയിറുക്കിരേൻ' എന്ന സംഭാഷണം മ്യൂട്ട് ചെയ്യുക.
- 46 മിനിറ്റ് 47 -ാം സെക്കന്‍ഡിൽ (ഷോട്ട് നമ്പർ 33) തല വെട്ടിയെടുത്ത ശരീരത്തിൽ നിന്നും ഒഴുകുന്ന ചോരയുടെ അളവ് നിയന്ത്രിക്കുക (വീഡിയോ ദൈർഖ്യ വ്യത്യാസം ആവശ്യമില്ല).
- TC (ടൈം കോഡ്) 32:52,53:57 എന്നി ഫ്രെയിമുകളിൽ വാഹനം ഓടിക്കുമ്പോൾ 'മൊബൈൽ ഫോൺ ഉപയോഗം പാടില്ല' എന്ന് എഴുതി പ്രദർശിപ്പിക്കണം.
- 86 മിനിറ്റ് 23-ാം സെക്കന്‍റിൽ മുത്തുവിന്‍റെ കഥാപാത്രം മുറിച്ചെടുത്ത ചെവിയുമായി നിൽക്കുമ്പോൾ രംഗ ഭീകരത കുറക്കുക. ചോരയുടെ അളവ് നിയന്ത്രിക്കുക. (വീഡിയോ ദൈർഘ്യ വ്യത്യാസം ആവശ്യമില്ല).
- TC 1:19 ൽ തെറി സംഭാഷണം മ്യൂട്ട് ചെയ്യുക.
- 119 മിനിറ്റ് 55-ാം സെക്കന്‍റിൽ (ഷോട്ട് നമ്പർ 239) മാത്യുവിന്‍റെ കഥാപാത്രം രണ്ടാമത്തെ ഗുണ്ടയെ കൊല്ലുമ്പോൾ ചിന്തുന്ന ചോരയുടെ അളവ് നിയന്തിക്കുക (വീഡിയോ ദൈർഘ്യ വ്യത്യാസം ആവശ്യമില്ല).
- TC 2:20:06 ൽ 'സൊട്ട മണ്ട' എന്ന പ്രയോഗം മ്യൂട്ട് ചെയ്യുക.
- വർമയുടെ കഥാപാത്രം പന്നീറിനെ വധിക്കുന്ന ദൃശ്യം ദൈർഘ്യം 40% ഒഴിവാക്കുക.
- TC 2:36:10 ൽ ക്ലോസ് റെയ്‌ഞ്ചിൽ വെടി ഉതിർക്കുമ്പോഴും, കത്തി കൊണ്ട് കഴുത്തിൽ കുത്തുമ്പോഴും ഒഴുകുന്ന/ തെറിക്കുന്ന ചോരയുടെ അളവ് നിയന്ത്രിക്കുക (വീഡിയോ ദൈർഘ്യ വ്യത്യാസം ആവശ്യമില്ല).
- മാത്യുവിനും നരസിമ്മയ്‌ക്കും ഒപ്പം പുകവലിക്കുന്ന മുത്തുവിന്‍റെ ക്ലോസ്അപ്പ് ദൃശ്യങ്ങൾ ഒഴിവാക്കുക.
- ചിത്രത്തിൽ നിന്നും ഒഴിവാക്കപ്പെടേണ്ട രംഗങ്ങളുടെ ആകെ ദൈർഘ്യം 12 സെക്കന്‍ഡ്.
അതേസമയം സെൻസർ സർട്ടിഫിക്കറ്റ് വിവരങ്ങൾ ചോർന്നതിന് പിന്നാലെ ആരാധകരും നിരൂപകരും ചർച്ചകൾക്ക് കൂടുതൽ നിറം പിടിപ്പിക്കുന്നുണ്ട്. എന്നാൽ ജയിലറിന്‍റെ അണിയറ പ്രവർത്തകരുടെ ഭാഗത്തു നിന്നും സെൻസർ സർട്ടിഫിക്കറ്റ് ചോർന്നതിനെ പറ്റി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല.