തെന്നിന്ത്യന്‍ താരം രശ്‌മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിനിമ താരങ്ങളായ മൃണാല്‍ താക്കൂറും നാഗ ചൈതന്യയും. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയ്‌ക്ക് നടന്‍ അമിതാഭ് ബച്ചനാണ് ആദ്യം നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ രശ്‌മിക സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.
നിശബ്‌ദരാകരുത് ഒരിക്കലും:ലേഡി സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്‌ത് പ്രചരിപ്പിക്കപ്പെടുമ്പോള്‍ ആരും നിശബ്‌ദരാകരുതെന്നും അതിനെതിരെ പ്രതികരിക്കണമെന്നും താരങ്ങള്‍ പറഞ്ഞു. പലരും നിശബ്‌ദത പാലിക്കുന്ന വിഷയത്തില്‍ രശ്‌മിക നേരിട്ടെത്തി പ്രതികരിച്ചത് വളരെ നല്ല കാര്യമെന്നാണ് മൃണാള്‍ താക്കൂര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സമൂഹത്തില്‍ നാമെല്ലാം നടീനടന്മാരായിരിക്കും, എന്നാല്‍ അതിലുപരി നാമെല്ലാം പച്ചയായ മനുഷ്യരാണെന്നും എന്നിട്ടും പലരും ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ മടിക്കുന്നത് എന്തിനെന്നും മൃണാള്‍ താക്കൂര്‍ ഇന്‍സ്റ്റയില്‍ ചോദിച്ചു.
ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് (നവംബര്‍ 5) രശ്‌മിക മന്ദാനയുടെ മോര്‍ഫ് ചെയ്‌ത വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. കറുപ്പ് നിറത്തിലുള്ള വസ്‌ത്രം അണിഞ്ഞ് രശ്‌മിക മന്ദാന ലിഫ്‌റ്റില്‍ കയറുന്ന തരത്തിലുള്ളതാണ് പ്രചരിച്ച വീഡിയോ. സംഭവം വൈറലായതോടെയാണ് താരം പ്രതികരണവുമായെത്തിയത്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം പ്രതികരിച്ചത്. വൈറലായ ഫേക്ക് വീഡിയോ ഇന്‍സ്റ്റയില്‍ പങ്കിട്ട താരം 'ഇത് പങ്കിടുന്നതിലും ഓണ്‍ലൈനില്‍ പ്രചരിക്കുന്നതിലും അതിയായ വേദനയുണ്ട്. യാഥാര്‍ഥ്യത്തില്‍ ഇതുപോലൊരു കാര്യം അതിഭയാനകമാണ്. താന്‍ മാത്രമല്ല സാങ്കേതികവിദ്യ ദുരുപയോഗത്തിലൂടെ നിരവധി പേര്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഇന്ന് ഒരു സ്‌ത്രീ എന്ന നിലയിലും ഒരു അഭിനേതാവെന്ന നിലയിലും, എനിക്ക് സംരക്ഷണവും പിന്തുണയും നൽകുന്ന എന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഞാൻ നന്ദി പറയുന്നു. എന്നാൽ ഞാൻ സ്‌കൂളിലോ കോളജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കിൽ ഇതെനിക്ക് എങ്ങനെ നേരിടാൻ കഴിയുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ലെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഒറിജിനല്‍ വീഡിയോ:ബ്രിട്ടീഷ് ഇന്ത്യന്‍ യുവതിയായ സാറാ പട്ടേലിന്‍റെ വീഡിയോയാണ് മോര്‍ഫ് ചെയ്‌ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ സാറാ പട്ടേലും ഇന്‍സ്റ്റഗ്രാമില്‍ പ്രതികരണവുമായെത്തി. 'എന്‍റെ ശരീരവും ഒരു ജനപ്രിയ ബോളിവുഡ് നടിയുടെ മുഖവും ഉപയോഗിച്ച് നിര്‍മിച്ച ഒരു ഡീപ്‌ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രചരിക്കുന്ന വീഡിയോയുമായി തനിക്ക് യാതൊരു ബന്ധവുമില്ല. യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ താന്‍ വളരെ അസ്വസ്ഥതയിലും ആശങ്കയിലുമാണ്. സമൂഹത്തിന്‍റെ മുന്നോട്ട് പോക്ക് ഇത്തരത്തിലാണെങ്കില്‍ സ്‌ത്രീകളുടെ, പെണ്‍കുട്ടികളുടെ ഭാവിയെ കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നതെല്ലാം യാഥാര്‍ഥ്യമാകണമെന്നില്ല. സാങ്കേതികവിദ്യ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് ഏറെ വേദനാജനകമാണെന്നും' സാറാ പട്ടേല്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.
പ്രതികരണവുമായി ഗായിക ചിന്മയി: നടി രശ്‌മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി ഗായിക ചിന്മയി രംഗത്തെത്തി. 'സ്‌ത്രീ ശരീരം ചൂഷണം ചെയ്യപ്പെടുന്ന ഈ രാജ്യത്ത് പെണ്‍കുട്ടികളെ ചൂഷണം ചെയ്യാനും ഉപദ്രവിക്കാനുമുള്ള അടുത്ത ആയുധം ഡീപ്‌ഫേക്ക് ആകുമെന്ന്' ചിന്മയി പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ജയിലര്‍ എന്ന ചിത്രത്തിലെ കാവാല എന്ന ഗാനത്തിന് എഐ അവതാറിലുള്ള തങ്ങളുടെ പ്രിയ നടന്മാരില്‍ ഒരാളുടെ വീഡിയോ ഇത്തരത്തില്‍ മോര്‍ഫ് ചെയ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ വീഡിയോ പ്രചരിപ്പിക്കപ്പെട്ടതിന് പിന്നാലെ അത് റിയല്‍ അല്ലെന്ന് തിരിച്ചറിയുകയും ചെയ്‌തിരുന്നു. താനിപ്പോള്‍ രശ്‌മികയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി കണ്ടു. താരം ശരിക്കും അസ്വസ്ഥയാണ്. പെൺകുട്ടികളുടെ ഫോട്ടോകളും ദൃശ്യങ്ങളും ഉപയോഗിച്ചുള്ള ഇത്തരം ഡീപ്ഫേക്കുകളുടെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്‌കരിക്കാന്‍ നടപടികള്‍ വേണമെന്നും' ചിന്മയി പറഞ്ഞു.
നന്ദി പറഞ്ഞ് രശ്‌മിക മന്ദാന: സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച തന്‍റെ ഫേക്ക് വീഡിയോയ്‌ക്കെതിരെ പ്രതികരിച്ച അമിതാഭ് ബച്ചന്‍, ഗായിക ചിന്മയി എന്നിവര്‍ അടക്കമുള്ള താരനിരകള്‍ക്ക് രശ്‌മിക നന്ദി പറഞ്ഞു. നിങ്ങളെ പോലുള്ളവര്‍ തനിക്കായി ശബ്‌ദമുയര്‍ത്തിയപ്പോള്‍ ഈ രാജ്യത്ത് എനിക്ക് സുരക്ഷിതത്വം തോന്നുന്നുവെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
also read:'അത്യന്തം ഭയാനകം, ശരിക്കും വേദനിക്കുന്നു'; ഫേക്ക് വീഡിയോയിൽ പ്രതികരണവുമായി രശ്‌മിക മന്ദാന