ശ്രീനഗര്‍ : ജമ്മു കശ്‌മീരിലെ ആര്‍എസ് പുര സെക്‌ടറിലെ അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പാകിസ്ഥാന്‍ റേഞ്ചേഴ്‌സ്. വെടിവയ്‌പ്പില്‍ ഒരു ബിഎസ്‌എഫ് സൈനികന് പരിക്കേറ്റതായി അതിര്‍ത്തി രക്ഷ സേന അറിയിച്ചു. പരിക്കേറ്റ സൈനികനെ ചികിത്സയ്‌ക്കായി ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ (ഒക്‌ടോബര്‍ 26) രാത്രി എട്ട് മണിയോടെ യാതൊരു പ്രകോപനവുമില്ലാതെ പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് വെടിയുതിര്‍ക്കുകയായിരുന്നു (Pak Rangers Firing On BSF posts).
അതിര്‍ത്തിയില്‍ ഇരു സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പാകിസ്ഥാന്‍ റേഞ്ചര്‍മാര്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ പ്രയോഗിച്ചുവെന്ന് അതിര്‍ത്തി രക്ഷ സേന അറിയിച്ചു. അതേസമയം വെടിയുതിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക് സേനയ്‌ക്കെതിരെ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കുകയാണെന്ന് ബിഎസ്‌എഫ് അറിയിച്ചു. ഒക്‌ടോബര്‍ 17ന് അര്‍ണിയ സെക്‌ടറിലുണ്ടായതിന് സമാനമായ സംഭവമാണ് നിലവില്‍ തുടരുന്നത്. അന്ന് രണ്ട് ബിഎസ്‌എഫ് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു (Ceasefire Violation In Kashmir).
മേഖലയില്‍ ആശങ്ക പടര്‍ന്നു:ഇന്നലെ രാത്രി 8 മണിയോടെ ആരംഭിച്ച ഇരു സൈന്യത്തിന്‍റെയും ഏറ്റുമുട്ടിലിന് താന്‍ സാക്ഷിയായിരുന്നുവെന്ന് പ്രദേശവാസി പറയുന്നു. ഇരു സംഘവും തമ്മില്‍ കനത്ത പോരാട്ടമാണ് നടത്തിയതെന്നും നിലവില്‍ സമാന സ്ഥിതി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് അന്താരാഷ്‌ട്ര അതിര്‍ത്തി. പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണെന്നും പ്രദേശവാസികളെല്ലാം ആശങ്കയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.