ന്യൂഡല്‍ഹി: 2024 സാമ്പത്തിക വര്‍ഷം രാജ്യത്ത് പണപ്പെരുപ്പം വളര്‍ച്ചയ്‌ക്ക് അനുഗുണമായും ഉപഭോക്താക്കള്‍ക്ക് പ്രശ്‌നം സൃഷ്‌ടിക്കാത്ത രീതിയിലും ആകുമെന്ന് കേന്ദ്ര സര്‍ക്കാറിന്‍റെ മുഖ്യസാമ്പത്തിക ഉപദേഷ്‌ടാവ് ഡോ. വി അനന്ത നാഗേശ്വരന്‍. സാമ്പത്തിക സര്‍വേ ലോക്‌സഭയില്‍ വച്ചതിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ദശകത്തിന്‍റെ ശേഷിക്കുന്ന വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മികച്ച രീതിയിലുള്ള പ്രകടനം കാഴ്‌ചവയ്‌ക്കും.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച നിരക്ക് 6.8 ശതമാനവും, അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 6.1ശതമാനവും, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനവുമെന്ന അനുമാനത്തില്‍ മാറ്റമില്ല. കൊവിഡും റഷ്യ-യുക്രൈന്‍ യുദ്ധവും സൃഷ്‌ടിച്ച സാമ്പത്തിക ആഘാതത്തിന് അല്‍പ്പം ശമനം വരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച നിരക്കില്‍ ഇനിയും വര്‍ധനവ് ഉണ്ടാകും. ഒരു ബാരല്‍ അസംസ്‌കൃത എണ്ണയുടെ വില 100 ഡോളറില്‍ താഴെയായി നിലനില്‍ക്കുകയാണെങ്കില്‍ വളര്‍ച്ച നിരക്കിലെ അനുമാനത്തില്‍ മാറ്റമുണ്ടാവില്ല.