ന്യൂഡല്‍ഹി: മന്ത്രിസഭ പുനഃസംഘടന ഇന്ന് നടക്കാനിരിക്കെ, കേന്ദ്രമന്ത്രിസഭ യോഗവും മന്ത്രിസഭയുടെ സാമ്പത്തികകാര്യ ഉപസമിതിയുടെ യോഗവും മാറ്റി. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ആദ്യ പുനഃസംഘടനയാണിത്. കാര്യമായ മാറ്റമുണ്ടായേക്കുമെന്നാണ് സൂചന.
പ്രഖ്യാപനം ഉടന്‍
രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭ പുന:സംഘടന പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. ഇന്ന് വൈകിട്ട് ആറ് മണിക്ക് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. നിലവിലെ മന്ത്രിസഭയില്‍ അഴിച്ചുപണി ഉണ്ടാകും. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്കും മന്ത്രിസഭയില്‍ അവസരം ലഭിച്ചേക്കും. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിന് ആറ് മന്ത്രി സ്ഥാനമെങ്കിലും ലഭിച്ചേക്കുമെന്നാണ് വിവരം. ജനതാദള്‍ യുണൈറ്റഡിനും മന്ത്രിസഭയില്‍ സീറ്റുണ്ടാകുമെന്നാണ് റിപ്പോർട്ടുകള്‍.
സാധ്യതകള്‍ ആര്‍ക്കൊക്കെ?
കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍, മുൻ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി, മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി നാരായണ്‍ റാണെ, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.