ന്യൂഡല്‍ഹി: നിലവിലെ കൊവിഡ് സാഹചര്യവും വേനല്‍ ചൂടും മുന്‍നിര്‍ത്തി പരീക്ഷ കേന്ദ്രങ്ങളില്‍ ക്രമീകരണങ്ങൾ ഒരുക്കാന്‍ നിര്‍ദേശിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ). ഇത് സംബന്ധിച്ച് സിബിഎസ്‌ഇ എക്‌സാം കണ്‍ട്രോളര്‍ സന്യാം ഭരദ്വാജ് രാജ്യത്തെ പരീക്ഷ കേന്ദ്രങ്ങളിലെ സൂപ്രണ്ടുമാർക്ക് കത്തയച്ചു. സിബിഎസ്ഇ രണ്ടാം ടേം പത്ത്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് ആരംഭിച്ചത്.
കൊവിഡ് വ്യാപനം തടയുന്നതിനായി പരീക്ഷ കേന്ദ്രങ്ങളില്‍ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനായി പ്രതിദിനം നിശ്ചിത തുകയായി 5,000 രൂപയും പരീക്ഷ എഴുതുന്ന ഒരു വിദ്യാര്‍ഥിക്ക് 5 രൂപയും ബോര്‍ഡ് അനുവദിച്ചിട്ടുണ്ട്. പരീക്ഷ കേന്ദ്രങ്ങളിലെ സൂപ്രണ്ടുമാർക്കുള്ള മാർഗനിർദേശങ്ങളിൽ നൽകിയിരിക്കുന്നതുപോലെയും ബന്ധപ്പെട്ട സംസ്ഥാന സർക്കാർ നിർദേശിച്ചതുപോലെയും കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കണമെന്നും കത്തില്‍ പറയുന്നു. ഒരു ക്ലാസില്‍ 18 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്.