ന്യൂഡൽഹി:സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു. പ്രത്യേക മൂല്യ നിർണയത്തിലൂടെയായിരുന്നു ഫല പ്രഖ്യാപനം. സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbseresults.nic.in ലൂടെയും, cbse.gov.in, digilocker.gov.n എന്നതിലൂടെയും ഫലം അറിയാം. കൂടാതെ ഉമംഗ് ആപ്പിലും ഡിജിലോക്കറിലും ഫലം ലഭ്യമാണ്.
20 ലക്ഷത്തിലേറെ വിദ്യാർഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. പരീക്ഷ നടത്താതെ ഇതാദ്യമായാണ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കുന്നത്.
99.04 ശതമാനം വിജയികളിൽ പെൺകുട്ടികളുടെ വിജയം ആൺകുട്ടികളേതിനേക്കാള്‍ 0.35 ശതമാനം കൂടുതലാണ്. 57,000ൽ അധികം വിദ്യാർഥികൾ 95 ശതമാനത്തിന് മുകളിൽ മാർക്കോടെ വിജയിച്ചു.
90നും 95നും ഇടയിൽ വിജയശതമാനമുള്ള രണ്ട് ലക്ഷത്തിലധികം വിദ്യാർഥികളുണ്ട്. എന്നിരുന്നാലും, ഈ വർഷം മെറിറ്റ് ലിസ്റ്റ് പ്രഖ്യാപിക്കില്ലെന്ന് സിബിഎസ്ഇ അറിയിച്ചു.
Also Read: ഹയർ സെക്കൻഡറി പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി
ജൂലൈ 30ന് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചിരുന്നു. 2021ലെ വിജയശതമാനം 99.37 ആണ്. മുൻവർഷങ്ങൾക്ക് സമാനമായി പെൺകുട്ടികളാണ് ആൺകുട്ടികളേക്കാൾ വിജയശതമാനം കൈവരിച്ചത്.