കേരളം

kerala

ETV Bharat / bharat

കൊവിഡ് വ്യാപനത്തിലും 10, 12 രണ്ടാംഘട്ട ബോർഡ് പരീക്ഷകൾ നടത്താനൊരുങ്ങി സിബിഎസ്‌ഇ - സിബിഎസ്ഇ രണ്ടാം ഘട്ട പരീക്ഷ

മൂന്നാം തരംഗം നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ വിദഗ്‌ധർ സൂചിപ്പിച്ചിട്ടുള്ളതിനാൽ രണ്ടാം ഘട്ട ബോർഡ് പരീക്ഷ റദ്ദാക്കാനുള്ള സാധ്യത വളരെ കുറവാണ്.

CBSE board exam  CBSE board exams amid Covid surge  കൊവിഡ് വ്യാപനം സിബിഎസ്ഇ പരീക്ഷ  സിബിഎസ്ഇ രണ്ടാം ഘട്ട പരീക്ഷ  കൊവിഡ് മൂന്നാം തരംഗം
കൊവിഡ് വ്യാപനത്തിലും 10, 12 രണ്ടാംഘട്ട ബോർഡ് പരീക്ഷകൾ നടത്താനൊരുങ്ങി സിബിഎസ്‌ഇ

By

Published : Jan 16, 2022, 3:29 PM IST

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ രൂക്ഷമായി വ്യാപിക്കുന്നതിനിടെ 10, 12 ക്ലാസുകളുടെ രണ്ടാം ഘട്ട പരീക്ഷ നടത്താനൊരുങ്ങി സിബിഎസ്‌ഇ ബോർഡും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും. 10, 12 ക്ലാസുകളുടെ ഒന്നാം ഘട്ട പരീക്ഷ നവംബർ- ഡിസംബർ മാസങ്ങളിൽ നടന്നിരുന്നു. രണ്ടാം ഘട്ട പരീക്ഷ മാർച്ച്- ഏപ്രിൽ മാസങ്ങളിൽ നടക്കുമെന്നായിരുന്നു ബോർഡ് അറിയിച്ചിരുന്നത്.

മൂന്നാം തരംഗം നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യ വിദഗ്‌ധർ സൂചിപ്പിച്ചിട്ടുള്ളതിനാൽ രണ്ടാം ഘട്ട ബോർഡ് പരീക്ഷ റദ്ദാക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ രണ്ടാം ഘട്ട പരീക്ഷ ഒഴിവാക്കാൻ തീരുമാനിക്കുന്ന വിദ്യാർഥികളുടെ ആദ്യ ഘട്ട പരീക്ഷ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രേഡ് പ്രസിദ്ധീകരിക്കാനാണ് ബോർഡിന്‍റെ തീരുമാനം.

സബ്‌ജക്‌ടീവ് മാതൃകയിലുള്ള ചോദ്യങ്ങളാണ് രണ്ടാം ഘട്ട പരീക്ഷയിൽ ഉണ്ടാകുക. രണ്ട് മണിക്കൂർ ആയിരിക്കും പരീക്ഷയുടെ ദൈർഘ്യം. രണ്ടാം ഘട്ട പരീക്ഷയുടെ മാതൃക ചോദ്യപേപ്പറുകളും മാർക്ക് നൽകുന്ന രീതിയും സിബിഎസ്‌ഇ ബോർഡിന്‍റെ വെബ്‌സൈറ്റിൽ റിലീസ് ചെയ്യുകയും ബോർഡുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന സ്‌കൂളുകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്‌തുവെന്ന് സിബിഎസ്ഇ അക്കാദമിക് ഡയറക്‌ടർ ഡോ. ജോസഫ് ഇമ്മാനുവൽ പറഞ്ഞു.

കൊവിഡ് സ്ഥിതി വഷളായാൽ മാത്രം രണ്ടാം ഘട്ട പരീക്ഷ റദ്ദ് ചെയ്‌തു കൊണ്ട് ആദ്യഘട്ട പരീക്ഷയുടെ അടിസ്ഥാനത്തിൽ ഫലം തയാറാക്കും. എന്നാൽ രണ്ടാം ഘട്ട പരീക്ഷ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചാൽ രണ്ട് ഘട്ടത്തിലെയും 50 ശതമാനം വീതം മാർക്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ ഫലം പുറത്തുവരിക എന്ന് സിബിഎസ്ഇ പരീക്ഷ കൺട്രോളർ സന്യം ഭരദ്വാജ് അറിയിച്ചു.

വിദ്യാർഥികൾക്ക് സുരക്ഷിതമായി പരീക്ഷ എഴുതാൻ കഴിയുന്ന തരത്തിൽ 15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകുന്നതിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.

കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കും സിബിഎസ്ഇ ബോർഡ് പരീക്ഷകൾ നടത്തുകയെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Also Read: അത് 'കമ്മിഷ'നല്ല ഹേമ 'കമ്മിറ്റി'യാണെന്ന് അറിയുന്നത് ഇപ്പോഴെന്ന് ഡബ്ല്യുസിസി

ABOUT THE AUTHOR

...view details