ന്യൂഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചെയ്‌ത ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി റോസ് അവന്യൂ കോടതി. മാര്‍ച്ച് നാലുവരെയാണ് സിസോദിയയുടെ കസ്റ്റഡി കാലാവധി. കോടതിയില്‍ സിബിഐ സിസോദിയയുടെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു. റോസ് അവന്യൂ കോടതിയിലെ പ്രത്യേക സിബിഐ ജഡ്‌ജി എം കെ നാഗ്‌പാലിന്‍റേതാണ് ഉത്തരവ്. മുതിര്‍ന്ന അഭിഭാഷകരായ മോഹിത് മാത്തൂര്‍, ദയന്‍ കൃഷ്‌ണന്‍ എന്നിവരാണ് സിസോദിയക്ക് വേണ്ടി ഹാജരായത്.
കോടതിയില്‍ ഉയര്‍ന്ന പ്രധാന വാദങ്ങള്‍ :
- വളരെ ആസൂത്രിതവും രഹസ്യാത്മകമായുമാണ് ഗൂഢാലോചന നടത്തിയത് എന്ന് സിബിഐ വാദിച്ചു. അതിനാല്‍ അഞ്ച് ദിവസം സിസോദിയയെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ഏജന്‍സി ആവശ്യപ്പെട്ടു. അതേസമയം സിസോദിയയുടെ അഭിഭാഷകന്‍ ദയന്‍ കൃഷ്‌ണന്‍ സിബിഐയുടെ ആവശ്യത്തെ എതിര്‍ക്കുകയായിരുന്നു. ഒരാള്‍ എന്തെങ്കിലും പറയാന്‍ തയ്യാറായില്ലെങ്കില്‍ അതൊരിക്കലും അറസ്റ്റിന് കാരണമാകില്ലെന്ന് ദയന്‍ കൃഷ്‌ണന്‍ വാദിച്ചു.
- 'എഫ്‌ഐആറില്‍ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. കരട് നോട്ടിസില്‍ നിന്ന് നിയമവിദഗ്‌ധന്‍റെ അഭിപ്രായം സിസോദിയ നീക്കം ചെയ്‌തതായി അന്വേഷണത്തില്‍ തെളിഞ്ഞു'-സിബിഐ വാദിച്ചു.
- 'സിബിഐ കോള്‍ ലിസ്റ്റുകള്‍ കാണിക്കുന്നു. സിസോദിയയുടെ ഫോണ്‍ നശിപ്പിച്ചു എന്ന് ഏജന്‍സി ആരോപിക്കുന്നു. അദ്ദേഹം ഒരു മന്ത്രിയാണ്. മനപ്പൂര്‍വം ഫോണ്‍ നശിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ല. കാരണം അതില്‍ രഹസ്യാത്മകവും നിര്‍ണായകവുമായ നിരവധി ഡാറ്റകള്‍ ഉണ്ടായിരിക്കും' - സിസോദിയയുടെ അഭിഭാഷകന്‍ വാദിച്ചു.
- 'കുറ്റം ഏറ്റെടുക്കാന്‍ കഴിയില്ല. കുറ്റം ഏല്‍ക്കാത്ത സാഹചര്യത്തില്‍ കസ്റ്റഡി അനുവദിക്കാനും സാധിക്കില്ല. ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സാധിക്കാത്ത ഒരാളെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിയില്ല' - ദയന്‍ കൃഷ്‌ണന്‍ പറഞ്ഞു.
സിസോദിയയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് എഎപി:മദ്യനയ അഴിമതി കേസില്‍ ഞായറാഴ്‌ചയാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്‌തത്. അറസ്റ്റിന് പിന്നാലെ പ്രതിഷേധവുമായി എഎപി നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഇന്നലെ ആരംഭിച്ച പ്രതിഷേധം എഎപി ഇന്നും തുടരുകയാണ്.
ഡല്‍ഹിക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിലും ആം ആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബിജെപി ആസ്ഥാനത്ത് എഎപി പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തതിനാൽ ഇന്ന് രാവിലെ മുതൽ ദീൻ ദയാൽ ഉപാധ്യായ റോഡില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. ഞായറാഴ്‌ച മുതൽ പാർട്ടിയുടെ 80 ശതമാനം നേതാക്കളെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് ആം ആദ്‌മി പാര്‍ട്ടി ആരോപിച്ചു. ആരെയെങ്കിലും 24 മണിക്കൂറിലധികം തടങ്കലിൽ വയ്ക്കാൻ പൊലീസിന് കഴിയുമോയെന്ന് പാര്‍ട്ടി നേതാക്കള്‍ ചോദിച്ചു. സിബിഐ ഓഫിസിന് സമീപം പ്രതിഷേധം നടത്തിയ എഎപി എംപി സഞ്ജയ് സിങ്, മന്ത്രി ഗോപാൽ റായ് എന്നിവരുൾപ്പടെ അമ്പതോളം നേതാക്കളെ ഞായറാഴ്‌ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അറസ്റ്റിന് മുമ്പ് സിസോദിയയെ ഏകദേശം എട്ടുമണിക്കൂറാണ് സിബിഐ ചോദ്യം ചെയ്‌തത്. സിസോദിയയെ ചോദ്യം ചെയ്‌ത ഓഫിസിന് സമീപമാണ് സഞ്ജയ് സിങ് അടക്കമുള്ളവര്‍ പ്രതിഷേധിച്ചത്. ഞായറാഴ്‌ച കസ്റ്റഡിയിലെടുത്ത എല്ലാ എഎപി നേതാക്കളെയും വിട്ടയച്ചതായി തിങ്കളാഴ്‌ച ഡൽഹി പൊലീസ് അറിയിച്ചു.