ന്യൂഡല്‍ഹി:കേന്ദ്രഭരണ പ്രദേശത്തെ ഇൻഷുറൻസ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ജമ്മു കശ്‌മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ചോദ്യംചെയ്യലിനായെത്തി കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ. ഇൻഷുറൻസ് അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകൾ ക്ലിയർ ചെയ്യാൻ തനിക്ക് കൈക്കൂലി വാഗ്‌ദാനം ചെയ്‌തുവെന്ന പ്രസ്‌താവനയ്ക്ക് പിന്നാലെയാണ് സത്യപാല്‍ മാലിക്കിനെ ചോദ്യം ചെയ്യുന്നതിനായി സിബിഐ അദ്ദേഹത്തിന്‍റെ വസതിയിലെത്തിയത്. വെള്ളിയാഴ്‌ച പകല്‍ 11.45 ഓടെയാണ് രാജ്യതലസ്ഥാനത്തെ ആര്‍കെ പുരം പ്രദേശത്തുള്ള സത്യപാല്‍ മാലിക്കിന്‍റെ സോം വിഹാര്‍ എന്ന വസതിയില്‍ സിബിഐ എത്തിയത്. എന്നാല്‍ കേസില്‍ സത്യപാല്‍ മാലിക്ക് ഇതുവരെ പ്രതിയോ കുറ്റവാളിയോ അല്ലെന്ന് സിബിഐ വ്യത്തങ്ങള്‍ അറിയിച്ചു.
ചോദ്യം ചെയ്യല്‍ മുമ്പും:നിരവധി സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ഗവര്‍ണറായിരുന്ന സത്യപാല്‍ മാലിക്കിനെ ഏഴുമാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് ചോദ്യം ചെയ്യുന്നതിനായി സിബിഐ സമീപിക്കുന്നത്. ബിഹാര്‍, ജമ്മു കശ്‌മീര്‍, ഗോവ, മേഘാലയ എന്നിവിടങ്ങളില്‍ ഭരണഘടന ചുമതല വഹിച്ച സത്യപാല്‍ മാലിക്കിനെ ഇക്കഴിഞ്ഞ ഒക്‌ടോബറിലാണ് സിബിഐ അവസാനമായി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. "ചിലരുടെ തെറ്റുകള്‍ സത്യം പറഞ്ഞ് ഞാൻ തുറന്നുകാട്ടി. അതുകൊണ്ടായിരിക്കാം എന്നെ വിളിപ്പിച്ചത്. ഞാൻ ഒരു കർഷകന്‍റെ മകനാണ്, ഞാൻ പരിഭ്രാന്തനാകില്ല. ഞാൻ സത്യത്തിൽ ഉറച്ചുനിൽക്കുന്നു" എന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിന്‍റെ പശ്ചാത്തലത്തില്‍ സത്യപാല്‍ മാലിക്ക് ട്വിറ്ററില്‍ കുറിച്ചു.
വിളിപ്പിച്ച പശ്ചാത്തലവും ശ്രദ്ധേയം: എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്‌ച പറ്റിയെന്ന് വ്യക്തമാക്കി അന്ന് ജമ്മു കശ്‌മീര്‍ ഗവര്‍ണര്‍ കൂടിയായിരുന്ന സത്യപാല്‍ മാലിക്കിന്‍റെ അഭിമുഖം പുറത്തുവന്നതിന് പിന്നാലെയാണ് സിബിഐ അന്വേഷണം എന്നതും ശ്രദ്ധേയമാണ്. ഏജൻസിയുടെ അക്ബർ റോഡ് ഗസ്‌റ്റ് ഹൗസിൽ ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ടെന്നറിയിച്ച് ഇക്കഴിഞ്ഞ ഏപ്രില്‍ 21 ന് സത്യപാല്‍ മാലിക്ക് തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ താന്‍ രാജസ്ഥാനിലേക്ക് പോവുകയാണെന്നും അതുകൊണ്ടുതന്നെ ഏപ്രില്‍ 27 മുതല്‍ 29 വരെ തന്നെ ലഭ്യമാകുമെന്ന് മാലിക്ക് അന്ന് മറുപടിയും നല്‍കിയിരുന്നു.
എന്താണ് സിബിഐ അന്വേഷിക്കുന്ന അഴിമതി:ജമ്മു കശ്‌മീരിലെ കിരു ജല വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് 2,200 കോടി രൂപയുടെ കരാര്‍ രണ്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കി എന്നതാണ് സിബിഐ അന്വേഷിക്കുന്ന ഇൻഷുറൻസ് അഴിമതി. സംസ്ഥാന സർക്കാർ ജീവനക്കാർക്കുള്ള ഈ വിവാദ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് 2018 ഓഗസ്‌റ്റിൽ നടന്ന യോഗത്തിൽ അന്ന് ജമ്മു കശ്മീർ ഗവർണറായിരുന്ന സത്യപാൽ മാലികായിരുന്നു അംഗീകാരം നല്‍കിയിരുന്നത്. പിന്നീട് സംഭവത്തില്‍ സിബിഐ രണ്ട് എഫ്‌ഐആറുകളും രജിസ്‌റ്റർ ചെയ്‌തിരുന്നു. കൂടാതെ റിലയൻസ് ജനറൽ ഇൻഷുറൻസ്, ട്രിനിറ്റി ബ്രോക്കേഴ്‌സ് ലിമിറ്റഡ് എന്നീ രണ്ട് കമ്പനികളെ സിബിഐ എഫ്‌ഐആറിൽ പ്രതികളാക്കി പരാമർശിക്കുകയും ചെയ്‌തിരുന്നു.
ഇന്‍ഷുറന്‍സ് അഴിമതി അന്വേഷിച്ച ഏജന്‍സി റിലയൻസ് ജനറൽ ഇൻഷുറൻസിന് കരാർ നൽകിയതില്‍ വ്യക്തമായ വീഴ്‌ചകളും കണ്ടെത്തിയിരുന്നു. മാത്രമല്ല ടെൻഡർ ഓൺലൈനിൽ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സംസ്ഥാനത്ത് മുമ്പ് ജോലി ചെയ്‌തിരുന്നവരുടെ അവസ്ഥയെ ഒഴിവാക്കിയെന്നും അന്വേഷണ ഏജന്‍സി കണ്ടെത്തി. എല്ലാത്തിലുമുപരി കരാർ നൽകുന്നതിന് കമ്പനിക്ക് 5000 കോടി രൂപയുടെ വിറ്റുവരവ് വേണമെന്ന വ്യവസ്ഥയും പാലിച്ചില്ലെന്നും സിബിഐ കണ്ടെത്തിയിരുന്നു.