ന്യൂഡല്‍ഹി: ഇസ്‌റോ മുൻ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ ഐഎസ്‌ആർഒ ചാരക്കേസില്‍ പ്രതിയാക്കാൻ ശ്രമിച്ചെന്ന കേസിൽ കേരള പൊലീസിലെ ചില ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണത്തിന്‍റെ റിപ്പോർട്ട് സിബിഐ സുപ്രീം കോടതിയില്‍ സമർപ്പിച്ചു. മുദ്രവച്ച കവറിലാണ് സിബിഐ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
ജൂലൈ 26ന് റിപ്പോർട്ട് കോടതി പരിഗണിക്കും. ഏപ്രില്‍ 15നാണ് അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സിബിഐയോട് കോടതി ആവശ്യപ്പെട്ടത്. 1994 ചാരക്കേസില്‍ നമ്പി നാരായണനെ പ്രതിയാക്കാൻ ആസൂത്രിത ശ്രമം നടന്നിട്ടുണ്ടെന്നും, കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതില്‍ പങ്കുണ്ടെന്നും, ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നുമാണ് കോടതി നിർദേശിച്ചത്. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്‍റേതായിരുന്നു നിർദേശം.
അന്വേഷണ കമ്മിഷൻ റിപ്പോർട്ട് 2021 മാർച്ചില്‍
റിട്ടയേർഡ് ജസ്റ്റിസ് ഡി.കെ ജെയിൻ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കോടതി കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് നിർദേശം നൽകിയത്. കഴിഞ്ഞ മാർച്ചിലായിരുന്നു മൂന്നംഗ ബെഞ്ചിന്‍റെ റിപ്പോർട്ട് കോടതിയിലെത്തിയത്.