ന്യൂഡല്‍ഹി : റെഡ് ക്രോസ് സൊസൈറ്റിയുടെ വിവിധ സംസ്ഥാന ഘടകങ്ങള്‍ക്കെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍ (സിബിഐ) അന്വേഷണം ആരംഭിച്ചു. റെഡ് ക്രോസ് ശാഖകളില്‍ അഴിമതിയും മറ്റ് ക്രമക്കേടുകളും നടക്കുന്നുവെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം. തമിഴ്‌നാട്, കേരളം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, അസം, കർണാടക എന്നിവിടങ്ങളിലെ ശാഖകളിലാണ് പരിശോധന. ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്കും പ്രാദേശിക ശാഖകള്‍ക്കുമെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തതായും മന്ത്രാലയം അറിയിച്ചു.
കേരളത്തില്‍ ഫണ്ട് ദുരുപയോഗം ചെയ്‌ത് ചെയര്‍മാന്‍ :കേരളത്തില്‍ 2019ല്‍ ചെയര്‍മാനും വൈസ് ചെയര്‍മാനും ചേര്‍ന്ന് സൊസൈറ്റിയുടെ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് പരാതിയുണ്ട്. ഇതിലെടുത്ത കേസുമായി ബന്ധപ്പെട്ട് മാനേജിങ് കമ്മിറ്റി പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിന് ശേഷം ഹൈക്കോടതി ജഡ്‌ജിയുടെ കീഴിലുള്ള താത്‌കാലിക കമ്മിറ്റി രൂപീകരിച്ച ശേഷമാണ് ഇപ്പോൾ പുതിയ മാനേജിങ് കമ്മിറ്റി നിലവിൽ വന്നത്.
തെരഞ്ഞെടുപ്പുകളില്ലാതെ ആന്‍ഡമാന്‍ ശാഖ:ആന്‍ഡമാന്‍ നിക്കോബാര്‍ ശാഖയില്‍ തെരഞ്ഞെടുപ്പ് നടത്താതെ നിലവിലെ ജനറല്‍ സെക്രട്ടറി ദീര്‍ഘകാലമായി തല്‍സ്ഥാനത്ത് തുടരുകയാണ്. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇവിടുത്തെ ഘടകത്തെ അന്വേഷണത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചുമതലയുള്ള ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ക്ക് കൈമാറിയെന്ന് സിബിഐ അറിയിച്ചു.
തമിഴ്‌നാട് ബ്രാഞ്ചിനെതിരെയും ഗുരുതര അഴിമതി ആരോപണം : സംസ്ഥാന റെഡ് ക്രോസ് ഘടകത്തിന്‍റെ പ്രവര്‍ത്തനത്തില്‍ ഗുരുതരമായ അഴിമതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിബിഐ അന്വേഷണം നടത്തിയത്. അഴിമതി നിരോധന നിയമപ്രകാരമാണ് നടപടി. 2020 ജൂലൈയിലാണ് ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്.