കേരളം

kerala

By ETV Bharat Kerala Team

Published : Nov 30, 2023, 6:12 PM IST

ETV Bharat / bharat

അമിത് ഷായുടെ സന്ദര്‍ശനത്തിനുപിന്നാലെ ബംഗാളില്‍ വ്യാപക സിബിഐ റെയ്‌ഡ് ; പിന്നില്‍ ബിജെപിയെന്ന് തൃണമൂല്‍

CBI Raids at West Bengal : രാഷ്ട്രീയമായി നേരിടാനാകാത്തതുകൊണ്ടാണ് ബിജെപി പൊലീസിനേയും കേന്ദ്ര ഏജന്‍സികളേയും ഉപയോഗിച്ച് ഏറ്റുമുട്ടുന്നതെന്ന് തൃണമൂല്‍ കോൺഗ്രസ്. എന്നാൽ അമിത് ഷായുടെ കൊല്‍ക്കത്ത സന്ദര്‍ശനവും റെയ്‌ഡുകളും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് ബിജെപി.

CBI raids multiple Trinamool leaders homes day after Amit Shah s visit  CBI Raids Trinamool Leaders Residence  CBI Raids at West Bengal  ബംഗാളില്‍ സിബിഐ റെയ്‌ഡ്  അമിത് ഷാ കൊല്‍ക്കത്ത  തൃണമൂൽ നേതാക്കളുടെ വീട്ടിൽ സിബിഐ റെയ്‌ഡ്‌  Amit Shah West Bengal Visit  SSC Teachers Recruitment Case  അധ്യാപക നിയമന കുംഭകോണം  പശ്ചിമ ബംഗാൾ സിബിഐ റെയ്‌ഡ്‌
CBI Raids Trinamool Leaders Residence

കൊല്‍ക്കത്ത : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിന് (Amit Shah's West Bengal Visit) തൊട്ടുപിന്നാലെ സംസ്‌ഥാനത്തെ തൃണമൂല്‍ നേതാക്കളെ ലക്ഷ്യമിട്ട് വ്യാപക സിബിഐ റെയ്‌ഡ് (CBI Raids Trinamool Leaders Residences). വ്യാഴാഴ്‌ച രാവിലെയാണ് ആറ് കേന്ദ്രങ്ങളില്‍ പരിശോധന ആരംഭിച്ചത്. തൃണമൂല്‍ എംഎല്‍എ അദിതി മുന്‍ഷിയുടെ ഭര്‍ത്താവും ബിധാന്‍നഗര്‍ മുന്‍സിപ്പല്‍ കൗണ്‍സിലറുമായ ദേബ്‌രാജ് ചക്രബര്‍ത്തിയുടെ വീട്ടില്‍ സിബിഐ നാലുമണിക്കൂര്‍ റെയ്‌ഡ് നടത്തി.

മറ്റൊരു പ്രധാന തൃണമൂല്‍ നേതാവും കൗണ്‍സിലറുമായ ബപ്പാദിത്യ ദാസ് ഗുപ്‌തയുടെ വീട്ടിലും റെയ്‌ഡ് നടന്നു. അധ്യാപക നിയമന കുംഭകോണ കേസില്‍ അകപ്പെട്ട് ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പാര്‍ത്ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായിയാണ് ബപ്പാദിത്യ ദാസ് ഗുപ്‌ത. തൃണമൂല്‍ കോണ്‍ഗ്രസ് കൂച്ച് ബെഹാര്‍ അധ്യക്ഷന്‍ സജല്‍ സര്‍ക്കാർ, ധോംകല്‍ എംഎല്‍എ സഫീഖുല്‍ ഇസ്ലാം എന്നിവരാണ് വീട് റെയ്‌ഡ്‌ ചെയ്യപ്പെട്ട മറ്റ് പ്രമുഖ നേതാക്കൾ.

കൂച്ച് ബെഹാറിലെ പരേഷ് കര്‍ ചൗപാത്തി മേഖലയിലും മുര്‍ഷിദാബാദിലും റെയ്‌ഡുകൾ നടന്നു. അധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ടാണ് (SSC Teachers Recruitment Case) ഇവിടങ്ങളിൽ പരിശോധന നടന്നത്. അതിനാൽ രാഷ്ട്രീയ നേതാക്കൾക്ക് പുറമെ ചില കോളജ് ഉടമകളുടെ വീടുകളിലും റെയ്‌ഡ്‌ നടന്നു. അധ്യാപക നിയമന കുംഭകോണ കേസില്‍ ബുര്‍വന്‍ എംഎല്‍എ ജിബന്‍കൃഷ്‌ണ സാഹയെ നേരത്തെ സിബിഐ അറസ്‌റ്റ് ചെയ്‌തിരുന്നു.

റെയ്‌ഡുകൾക്ക് പിന്നാലെ തൃണമൂല്‍-ബിജെപി നേതാക്കള്‍ തമ്മില്‍ കടുത്ത വാദ പ്രതിവാദങ്ങളും ആരംഭിച്ചു. രാഷ്ട്രീയമായി തങ്ങളെ നേരിടാനാകാത്തതുകൊണ്ടാണ് ബിജെപി പൊലീസിനേയും കേന്ദ്ര ഏജന്‍സികളേയും ഉപയോഗിച്ച് ഏറ്റുമുട്ടുന്നതെന്ന് തൃണമൂല്‍ മന്ത്രിയും കൊല്‍ക്കത്ത മേയറുമായ ഫിര്‍ഹാദ് ഹക്കീം പറഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ കൂടുന്നതിനനുസരിച്ച് ജനഹൃയങ്ങളില്‍ തങ്ങളുടെ സ്ഥാനം കൂടുതല്‍ ദൃഢമാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അമിത് ഷായുടെ കൊല്‍ക്കത്ത സന്ദര്‍ശനവും റെയ്‌ഡുകളും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ പ്രതികരിച്ചു. അമിത് ഷാ വരുന്നതിന് മുമ്പ് തന്നെ നിരവധി തൃണമൂല്‍ നേതാക്കള്‍ അഴിമതിക്കേസുകളില്‍ ജയിലിലായി. നിരവധി തൃണമൂല്‍ നേതാക്കളുടെ വീടുകളിലാണ് റെയ്‌ഡ് നടന്നത്. നിയമന കോഴ കേസില്‍ ഉത്തരവാദികളെ മുഴുവന്‍ പുറത്തുകൊണ്ടുവരാന്‍ കോടതിയാണ് സിബിഐക്ക് നിര്‍ദ്ദേശം നല്‍കിയത്. അതിന്‍റെ ഭാഗമായാണ് റെയ്‌ഡുകള്‍ നടന്നത്. ഈ റെയ്‌ഡുകള്‍ തുടരുമെന്നും രാഹുല്‍ സിന്‍ഹ പറഞ്ഞു.

Also Read:Supreme Court | 32,000 അധ്യാപക നിയമനത്തിനുള്ള കൊൽക്കത്ത ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

ബംഗാളില്‍ വിദേശികളുടെ നുഴഞ്ഞുകയറ്റം തടയാന്‍ മമത ബാനര്‍ജിക്ക് കഴിഞ്ഞില്ലെന്നും, പൗരത്വ ഭേദഗതി നിയമം എന്തുവന്നാലും കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുമെന്നും ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന പൊതുയോഗത്തില്‍ അമിത് ഷാ തുറന്നടിച്ചിരുന്നു. മമതയും കമ്മ്യൂണിസ്‌റ്റുകളും ചേര്‍ന്നാണ് ബംഗാളിനെ നശിപ്പിച്ചത്. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപി ബംഗാളില്‍ അധികാരത്തിലെത്തുമെന്നും അമിത് ഷാ അവകാശപ്പെട്ടു.

ABOUT THE AUTHOR

...view details