ന്യൂഡൽഹി :മകനെതിരായ പുതിയ കേസില്‍ തന്‍റെവീട്ടിലും ഓഫിസുകളിലും സി.ബി.ഐ നടത്തിയ പരിശോധനകളില്‍ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരം. 2011ൽ പി ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ മകനായ കാര്‍ത്തി ചിദംബരം 50 ലക്ഷം കൈക്കൂലി വാങ്ങി ചൈനീസ് പൗരര്‍ക്ക് വിസ ലഭ്യമാക്കിയെന്നാരോപിച്ചാണ് പുതിയ കേസ്.
ചിദംബരത്തിന്‍റെ ചെന്നൈയിലേയും ഡല്‍ഹിയിലേയും വീട്ടിലും വിവിധ സംസ്ഥാനങ്ങളിലെ ഓഫിസിലുമാണ് തിരച്ചില്‍ നടന്നത്. ചെന്നൈയിലും മൂന്ന് ഓഫിസുകളിലും മുംബൈയിലെ മൂന്ന് ഇടങ്ങളിലും ഡല്‍ഹി കര്‍ണാടക പഞ്ചാബ് ഓഡിഷ എന്നീ സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിലുമാണ് റെയ്‌ഡ് നടന്നത്.
ഇതിന് പിന്നാലെ ട്വീറ്റുമായി ചിദംബരം രംഗത്ത് എത്തി - രാവിലെ സി.ബി.ഐ സംഘം ചെന്നൈയിലെ വസതിയിലും ഡൽഹിയിലെ ഔദ്യോഗിക വസതിയിലും പരിശോധന നടത്തി. ഞാൻ പ്രതിയായിട്ടില്ലാത്ത ഒരു എഫ്.ഐ.ആറും സംഘം എനിക്ക് കാണിച്ചു തന്നു. അവർ എന്തെങ്കിലും കണ്ടെത്തുകയോ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഇത് എത്രാമത്തെ കേസാണെന്നതിന്‍റ കണക്ക് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും റെക്കോര്‍ഡായിരിക്കുമെന്നും കാര്‍ത്തി ചിദംബരവും ട്വീറ്റ് ചെയ്‌തു.