ന്യൂഡല്‍ഹി : കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ തന്‍റെ ഓഫിസിലും വസതിയിലും റെയ്‌ഡ് നടത്തിയതായി അറിയിച്ച് ആം ആദ്‌മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. ഇന്ന് (14-01-2023) വീണ്ടും സിബിഐ തന്‍റെ ഓഫിസിൽ എത്തിയെന്നും അവർക്ക് സ്വാഗതമെന്നും ട്വിറ്റര്‍ കുറിപ്പിലൂടെയാണ് സിസോദിയ അറിയിച്ചത്. അവര്‍ തന്‍റെ വീട് റെയ്‌ഡ് ചെയ്‌തുവെന്നും തന്‍റെ ലോക്കര്‍ പരിശോധിച്ചുവെന്നും അറിയിച്ച അദ്ദേഹം താന്‍ തെറ്റൊന്നും ചെയ്യാത്തതിനാൽ ഒന്നും കണ്ടെത്താനായില്ലെന്നും പ്രതികരിച്ചു.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫിസിലും വസതിയിലും സിബിഐ റെയ്‌ഡ് ; 'സുസ്വാഗതം' എന്ന് പ്രതികരണം - ഡൽഹി എക്സൈസ് നയം
ആം ആദ്‌മി പാര്‍ട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ഓഫിസിലും വസതിയിലും കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയുടെ റെയ്‌ഡ്

കഴിഞ്ഞ വർഷം ഓഗസ്‌റ്റില്‍ സിസോദിയയുടെ പഞ്ചാബ് നാഷണൽ ബാങ്ക് ലോക്കര്‍ സിബിഐ പരിശോധിച്ചിരുന്നു. ഡൽഹി എക്സൈസ് നയം 2021-22 - കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടായിരുന്നു അന്ന് റെയ്‌ഡ്. എന്നാല്‍ അന്നും സിബിഐക്ക് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പിന്നീടും സിസോദിയയുടെ വസതിയിലും മറ്റ് നാല് പൊതുപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലുമുള്‍പ്പടെ ദേശീയ തലസ്ഥാന മേഖലയിലെ 21ഇടങ്ങളില്‍ റെയ്‌ഡ് നടന്നതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹിയെ കൂടാതെ മറ്റ് ഏഴ് സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയതായും ഇവര്‍ വ്യക്തമാക്കി.
2021ൽ കൊവിഡ് മഹാമാരിയുടെ മാരക വകഭേദമായ ഡെൽറ്റ വ്യാപനത്തിനിടയിലായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ഡൽഹി മന്ത്രിസഭ എക്‌സൈസ് നയം പാസാക്കിയത്. വരുമാനം ഉറപ്പാക്കാനും വ്യാജ മദ്യത്തിന്‍റെയും ടാക്‌സ് അടയ്‌ക്കാത്ത മദ്യത്തിന്‍റെയും വിൽപ്പന ഇല്ലാതാക്കാനുമാണ് നയം രൂപീകരിച്ചതെന്നായിരുന്നു ഡൽഹി സർക്കാര്‍ അറിയിച്ചിരുന്നത്. എക്സൈസ് നയത്തിലെ ക്രമക്കേട് സംബന്ധിച്ച് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്‌തുകൊണ്ട് ചീഫ് സെക്രട്ടറി, ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വി.കെ സക്‌സേനയ്‌ക്ക് നല്‍കിയ റിപ്പോർട്ട് പരിഗണിച്ചാണ് അന്ന് മനീഷ് സിസോദിയയുടെ വസതിയില്‍ റെയ്‌ഡ് നടത്തിയത്.