ചെന്നൈ:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്‍റെ മകനും എം.പിയുമായ കാർത്തി ചിദംബരത്തിന്‍റെ വീട്ടിൽ സി.ബി.ഐ റെയ്‌ഡ്. 50 ലക്ഷം കൈക്കൂലി വാങ്ങി ചൈനീസ് സ്വദേശികള്‍ക്ക് വിസ സംഘടിപ്പിച്ചുവെന്ന കേസിലാണ് പരിശോധന. ചെന്നൈ നുങ്കമ്പാക്കത്ത് പൈക്രോഫ്റ്റ്‌സ് റോഡിലുള്ള വീട്ടിലാണ് റെയ്‌ഡ് നടന്നത്.
കാർത്തി ചിദംബരത്തിന്‍റെ വസതിയില്‍ സി.ബി.ഐ റെയ്‌ഡ്; നടപടി 50 ലക്ഷം വാങ്ങി വിദേശികള്‍ക്ക് വിസ സംഘടിപ്പിച്ചെന്ന കേസില്‍ - കാർത്തി ചിദംബരത്തിന്‍റെ വസതിയില്‍ സിബിഐ റെയ്‌ഡ്
ചെന്നൈ നുങ്കമ്പാക്കത്തിലെ വീട്ടിലാണ് ശനിയാഴ്‌ച റെയ്‌ഡ് നടന്നത്
ഉച്ചയ്‌ക്ക് 2.20ന് ആരംഭിച്ച പരിശോധനയില്‍ ഏഴ് സി.ബി.ഐ ഉദ്യോഗസ്ഥരാണുള്ളത്. നിലവില്‍, ലണ്ടനിലാണ് കാർത്തി ചിദംബരം. മെയ് 17-ന് റെയ്‌ഡിനായി എത്തിയപ്പോള്‍ താക്കോൽ നഷ്‌ടപ്പെട്ടതിനാൽ സി.ബി.ഐ ഉദ്യോഗസ്ഥർക്ക് അകത്ത് കടക്കാന്‍ കഴിഞ്ഞിരുന്നില്ല. ശേഷം, താക്കോല്‍ സംഘടിപ്പിച്ചാണ് പരിശോധന. 50 ലക്ഷം രൂപ കൈക്കൂലി വാങ്ങി, തൽവാണ്ടി സാബോ പവർ ലിമിറ്റഡിനായി ചൈനീസ് തൊഴിലാളികള്‍ക്ക് വിസ സംഘടിപ്പിച്ച് നല്‍കിയെന്നാണ് ആരോപണം.
ഇതുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിന്‍റെ വീടുകളിലും ഓഫിസുകളിലും സി.ബി.ഐ നിരവധി തവണയാണ് പരിശോധന നടത്തിയത്. തമിഴ്‌നാട്, മുംബൈ, പഞ്ചാബ്, കർണാടക, ഒഡിഷ എന്നിവിടങ്ങളിലെ ഒന്‍പത് സ്ഥലങ്ങളിലാണ് ഇതുവരെ പരിശോധന നടന്നത്. 2010 നും 2014 നും ഇടയില്‍ കേസുമായി ബന്ധപ്പെട്ട വിദേശ പണമിടപാട് നടന്നുവെന്ന് സി.ബി.ഐ പറയുന്നു. നിലവില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.