ന്യൂഡൽഹി : വിസ നൽകുന്നതിനായി കൈക്കൂലി വാങ്ങിയെന്ന കേസിൽ അന്വേഷണവുമായി ബന്ധപ്പെട്ട് തുടർച്ചയായ മൂന്നാം ദിവസവും ലോക്‌സഭ എംപി കാർത്തി ചിദംബരത്തെ സിബിഐ ചോദ്യം ചെയ്‌തു. അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാൻ ഇന്ന് (മെയ് 28) രാവിലെ തന്നെ കാർത്തി ചിദംബരം സിബിഐ ആസ്ഥാനത്തെത്തിയിരുന്നു.
'അഞ്ച് ദിവസമാണ് ടെസ്റ്റ് മത്സരം നടക്കുന്നത്, ഇത് മൂന്നാം ദിവസമാണ്. ഞാൻ സ്‌പീക്കർക്ക് കത്തെഴുതിയിട്ടുണ്ട്, സ്‌പീക്കറുടെ നിലപാടറിയാന്‍ കാത്തിരിക്കുകയാണ്' - ചോദ്യം ചെയ്യലിന് ശേഷം കാര്‍ത്തി പ്രതികരിച്ചു. 2011ൽ പി. ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ പഞ്ചാബിലെ തൽവണ്ടി സാബോ പവർ പ്രൊജക്‌ടിനായി 250 ചൈനീസ് പൗരരുടെ വിസ സുഗമമാക്കുന്നതിന് 50 ലക്ഷം രൂപ കൈക്കൂലിയായി കൈപ്പറ്റിയെന്നാണ് കാർത്തി ചിദംബരത്തിനെതിരായ കേസ്.
ജനപ്രതിനിധി എന്ന നിലയിൽ തനിക്കുള്ള അവകാശങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് കാർത്തി ചിദംബരം വെള്ളിയാഴ്‌ച (മെയ് 27) ലോക്‌സഭ സ്‌പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചിരുന്നു. ഒന്നിനുപുറകെ ഒന്നായി കള്ളക്കേസുകൾ ചമച്ച് നിലവിലെ സർക്കാരും അന്വേഷണ ഏജൻസികളും തന്‍റെ കുടുംബാംഗങ്ങളെയുൾപ്പടെ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കത്തിൽ കൂട്ടിച്ചേർത്തു.