ഹൈദരാബാദ് :ആൾമാറാട്ടക്കേസിൽ സാക്ഷിചേര്‍ത്ത്, തെലങ്കാനയിലെ മന്ത്രിയ്‌ക്കും രാജ്യസഭ എംപിയ്‌ക്കും നോട്ടിസ് നല്‍കി സിബിഐ. പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഗാംഗുല കമലാകർ, എംപി വഡ്ഡിരാജു രവിചന്ദ്ര എന്നിവർക്കാണ് ചോദ്യംചെയ്യലിന് അന്വേഷണ ഏജൻസിക്ക് മുന്‍പില്‍ ഹാജരാകാൻ ഡല്‍ഹി ബ്രാഞ്ചിന്‍റെ നിര്‍ദേശം. ഐപിഎസ് ഉദ്യോഗസ്ഥനായും സിബിഐ ജോയിന്‍റ് ഡയറക്‌ടറായും ആൾമാറാട്ടം നടത്തിയതിന് വിശാഖപട്ടണം ചിന്നവാൽതയർ സ്വദേശി കൊവ്വി റെഡ്ഡി ശ്രീനിവാസ് റാവുവിനെ സിബിഐ അറസ്റ്റ് ചെയ്‌തിരുന്നു.
ഗാംഗുല കമലാകർ, എംപി വഡ്ഡിരാജു രവിചന്ദ്ര എന്നിവര്‍ കൊവ്വി റെഡ്ഡി ശ്രീനിവാസ് റാവുവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ ലഭിച്ച സാഹചര്യത്തിലാണ് നോട്ടിസ് നല്‍കിയതെന്നാണ് വിവരം. അന്വേഷണത്തിന്‍റെ ഭാഗമായി ഇന്ന് കമലാകറിന്‍റെ വസതിയിൽ സിബിഐ ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഈ സമയം അദ്ദേഹം വീട്ടില്‍ ഇല്ലാത്തതിനാല്‍ കുടുംബാംഗങ്ങളുടെ പക്കല്‍ ഉദ്യോഗസ്ഥര്‍ നോട്ടിസ് കൈമാറുകയായിരുന്നു.
നോട്ടിസ് അയച്ചത് സിആർപിസി 160 പ്രകാരം :വിവിധ കേന്ദ്ര അന്വേഷണ ഏജൻസികൾ രജിസ്റ്റർ ചെയ്‌ത കേസുകൾ ഉൾപ്പടെയുള്ളവയില്‍ അനുകൂലമായി ഇടപെടുമെന്ന് ധരിപ്പിച്ച് കൈക്കൂലിയും മറ്റ് പാരിതോഷികങ്ങളും പ്രതി വാങ്ങിയിരുന്നെന്ന് സിബിഐ കണ്ടെത്തിയിരുന്നു. 'കോവിറെഡ്ഡി ശ്രീനിവാസ റാവുവിനൊപ്പം ഞാനും ഗാംഗുല കമലാകറും നില്‍ക്കുന്ന ചില ഫോട്ടോകൾ ഉണ്ടെന്ന് സിബിഐ പറയുന്നു. കാപ്പു ജാതി വിഭാഗത്തിന്‍റെ നേതാവാണെന്ന് അവകാശപ്പെട്ട റാവു അതുമായി ബന്ധപ്പെട്ട പരിപാടിയില്‍വച്ച് ഞങ്ങളെ കണ്ടെന്നാണ് പറയുന്നത്. ഇക്കാരണത്താലാണ് ആൾമാറാട്ടക്കേസിൽ സാക്ഷികളായി ഗാംഗുല കമലാകറിനും എനിക്കും 160 സിആർപിസി പ്രകാരം സിബിഐ നോട്ടിസ് അയച്ചത്'. - എംപി വഡ്ഡിരാജു രവി ചന്ദ്ര പറഞ്ഞു.