ന്യൂഡൽഹി:പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷം സ്‌ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടായ അതിക്രമങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിന് സിബിഐ നാല് അന്വേഷണ സംഘം രൂപീകരിച്ചു. ജോയിന്‍റ് ഡയറക്‌ടറുടെ നേതൃത്വത്തിലുള്ള നാല് സംഘത്തെയാണ് സിബിഐ തെരഞ്ഞെടുത്തത്. അഡീഷണൽ ഡയറക്‌ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ നാല് സംഘത്തിന്‍റെയും അന്വേഷണം നിരീക്ഷിക്കും.
ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർ ജനറൽ, മൂന്ന് പൊലീസ് സൂപ്രണ്ടുമാർ ഉൾപ്പടെ ആറ് പേരാണ് ഓരോ ടീമുകളിലും ഉണ്ടാകുക. കൊൽക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് സിബിഐ തീരുമാനം. ഉടൻതന്നെ അന്വേഷണ ഉദ്യോഗസ്ഥർ സംസ്ഥാനത്തെത്തി അന്വേഷണം ആരംഭിക്കുമെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അതിക്രമങ്ങൾക്ക് ഇരയായവർക്ക് നഷ്‌ടപരിഹാരം നൽകണമെന്നും കൊൽക്കത്ത ഹൈക്കോടതി പ്രഖ്യാപിച്ചിട്ടുണ്ട്.
സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി
പശ്ചിമ ബംഗാൾ അക്രമങ്ങളിൽ കൊൽക്കത്ത ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാലിന്‍റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ചിന്‍റേതായിരുന്നു ഉത്തരവ്. ബലാത്സംഗം, കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന എല്ലാ എഫ്ഐആറുകളും സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ബംഗാള്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
മറ്റ് കേസുകൾ അന്വേഷിക്കാനും പ്രത്യേക സംഘം
ഇത് ഒഴികെയുള്ള മറ്റ് കേസുകളുടെ അന്വേഷണത്തിനായി പ്രത്യേക സംഘത്തിന് കൊല്‍ക്കത്ത ഹൈക്കോടതി രൂപം നല്‍കി. പശ്ചിമ ബംഗാള്‍ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. ആറ് ആഴ്‌ചയ്‌ക്കുള്ളില്‍ പ്രത്യേക അന്വേഷണ സംഘവും സിബിഐയും ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശമുണ്ട്. തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിലുണ്ടായ അക്രമങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്‌തിരുന്നു.
READ MORE:പശ്ചിമ ബംഗാൾ അക്രമം : സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി