ന്യൂഡല്‍ഹി:എന്‍സിപി നേതാവും ലക്ഷദ്വീപില്‍ നിന്നുള്ള എംപിയുമായ മുഹമ്മദ് ഫൈസലിന് എതിരെ കേസെടുത്ത് സിബിഐ. ശ്രീലങ്കയിലേക്ക് ട്യൂണ മത്സ്യം കയറ്റുമതി ചെയ്‌തതില്‍ ക്രമക്കേട് നടന്നുവെന്ന പരാതിയിലാണ് നടപടി. മുഹമ്മദ് ഫൈസലിന് പുറമെ അനന്തരവന്‍ അബ്‌ദുള്‍ റസാഖ്, ശ്രീലങ്ക ആസ്ഥാനമായുള്ള കമ്പനി എസ്‌ആർടി ജനറല്‍ മെര്‍ച്ചന്‍റ്സ് ഇംപോര്‍ട്ടർ ആന്‍ഡ് എക്‌സ്‌പോര്‍ട്ടർ, എല്‍സിഎംഎഫ് മാനേജിങ് ഡയറക്‌ടർ എംപി അന്‍വർ എന്നിവരെയും എഫ്‌ഐആറില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്‌ച(12.07.2022) മുഹമ്മദ് ഫൈസലിന്‍റെ ലക്ഷദ്വീപിലെയും ഡല്‍ഹിയിലെയും വസതികളിലും ഓഫിസുകളിലും സിബിഐ പരിശോധന നടത്തി. ഇതിന് പുറമെ ലക്ഷദ്വീപ്, കൊല്‍ക്കത്ത, ഡല്‍ഹി, കേരളം എന്നിവിടങ്ങളിലായി മറ്റ് പ്രതികളുടെ വസതികളിലും ഓഫിസുകളിലും പരിശോധന നടത്തിയതായി സിബിഐ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
2016-2017 കാലയളവിൽ ഉയർന്ന വില നല്‍കാമെന്ന് ഉറപ്പ് നല്‍കി ലക്ഷദ്വീപ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് (എൽസിഎംഎഫ്) മുഖേന മത്സ്യത്തൊഴിലാളികളിൽ നിന്ന് ഉണങ്ങിയ ട്യൂണ മത്സ്യം വാങ്ങി സ്വകാര്യ ഏജന്‍സി വഴി ശ്രീലങ്കയിലേക്ക് കയറ്റുമതി ചെയ്‌തു. എന്നാല്‍ മത്സ്യത്തൊഴിലാളികൾക്ക് വാഗ്‌ദാനം ചെയ്‌ത തുക നൽകിയില്ലെന്നാണ് ആരോപണം. മുഹമ്മദ് ഫൈസലിന്‍റെ അനന്തരവന്‍ അബ്‌ദുള്‍ റസാഖ് ജോലി ചെയ്യുന്ന ശ്രീലങ്കന്‍ കമ്പനിയിലേക്കാണ് മത്സ്യം കയറ്റുമതി ചെയ്‌തത്.
എംപിയുടെ സ്വാധീനത്തെ തുടര്‍ന്നാണ് എൽസിഎംഎഫ് മത്സ്യത്തൊഴിലാളികളില്‍ നിന്ന് ട്യൂണ മത്സ്യം വാങ്ങി ശ്രീലങ്കന്‍ കമ്പനിക്ക് കയറ്റുമതി ചെയ്‌തതെന്നാണ് കേസ്. ജൂണ്‍ 25ന് എല്‍സിഎംഎഫിന്‍റെ കവരത്തിയിലെയും കോഴിക്കോട്ടെയും ഓഫിസുകളില്‍ നടത്തിയ സംയുക്ത പരിശോധനയിലാണ് ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.