ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ ദിവാന്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡിന്‍റെ (ഡിഎച്ച്‌എഫ്‌എല്‍) മുന്‍ സിഎംഡി കപില്‍ വാധവനെയും ഡയറക്‌ടര്‍ ധീരജ് വാധവനെയും സിബിഐ അറസ്റ്റ് ചെയ്തു. 34,615 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസിലാണ് സിബിഐ ഇരുവരെയും പിടികൂടിയത്. 50 പേര്‍ അടങ്ങുന്ന സിബിഐ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. കേസുമായി ബന്ധപ്പെട്ട് മുംബൈയിലെ 12 കേന്ദ്രങ്ങളില്‍ അന്വേഷണ സംഘം പരിശോധന നടത്തി.
കേസുമായി ബന്ധപ്പെട്ട എഫ് ഐ ആറില്‍ ഉള്‍പ്പെട്ട കുറ്റാരോപിതനായ അമരീലിസ് റിലേഷന്‍സ് ഉടമ സുധാകര്‍ ഷെട്ടി അടക്കം എട്ട് പേരയും സിബിഐ അറസ്റ്റ് ചെയ്‌തു. 2010 മുതല്‍ 2018 വരെയുള്ള കാലത്ത് എടുത്ത 42,871 കോടിയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് കേസ് രജിസ്റ്റര്‍ ചെയ്‌തത്. 2019 മെയ് മുതലാണ് ബാങ്കിന് നല്‍കാനുള്ള തുകയുടെ തിരിച്ചടവ് മുടങ്ങിയത്.
തിരിച്ചടവിനായി ബാങ്ക് പല തവണ കമ്പനിയെ സമീപിച്ചിരുന്നു. എന്നാല്‍ തിരിച്ചടവുണ്ടായില്ല. അതേസമയം കമ്പനി തങ്ങളുടെ ആസ്‌തി വഴിതിരിച്ച് ചെലവഴിക്കുകയും ഉപയോഗിക്കുകയും ചെയ്‌തു. ഇക്കാര്യം 2019ല്‍ തന്നെ വാര്‍ത്തയായിരുന്നു. തുടര്‍ന്നാണ് കമ്പനിക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചത്.