ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്‌തു. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ മുതൽ സിസോദിയയെ സിബിഐ ചോദ്യം ചെയ്‌തുവരികയായിരുന്നു. തുടർന്ന് വൈകീട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അണപൊട്ടിയ പ്രതിഷേധത്തിനൊടുവിൽ അറസ്റ്റ് : സിസോദിയയുടെ അറസ്റ്റ് രാഷ്‌ട്രീയ പകപോക്കലാണെന്ന് ആരോപിച്ചുകൊണ്ട് ആം ആദ്‌മി പാർട്ടി പ്രവർത്തകർ വലിയ രീതിയിൽ പ്രതിഷേധ പ്രകടനങ്ങൾ രാജ്യതലസ്ഥാനത്ത് നടത്തിയിരുന്നു. അതിനിടെ സിബിഐ ഓഫിസിന് സമീപം പ്രതിഷേധിച്ച സഞ്ജയ് സിങ്, ഗോപാൽ റായ് ഉൾപ്പെടെയുള്ള നിരവധി എഎപി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. ക്രമസമാധാന പ്രശ്‌നം മുന്നിൽ കണ്ട് നിരോധനാജ്ഞയും പുറപ്പെടുവിച്ചിരുന്നു.
പ്രവചിച്ചതുപോലെ സംഭവിച്ചു :താൻ ഇന്ന് സിബിഐയ്‌ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും മനീഷ് സിസോദിയ ട്വിറ്ററിൽ കുറിച്ചിരുന്നു. ഒരുപക്ഷേ ജയിലിൽ പോകേണ്ടിവന്നാലും അത് താൻ കാര്യമാക്കുന്നില്ലെന്നും ഭഗത് സിങ്ങിന്‍റെ അനുയായിയാണ് താനെന്നും അദ്ദേഹം കുറിച്ചിരുന്നു.
സിസോദിയയെ പിന്തുണച്ചുകൊണ്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തിയിരുന്നു. ജയിലിൽ പോകേണ്ടി വന്നാൽ അത് രാജ്യത്തിനും സമൂഹത്തിനും വേണ്ടിയാണെന്നും ലക്ഷക്കണക്കിന് കുട്ടികളുടെയും മുതിർന്നവരുടെയും സ്‌നേഹവും അനുഗ്രഹവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കുമെന്നും കെജ്‌രിവാൾ കുറിച്ചു.
'സ്വേച്ഛാധിപത്യം, തെമ്മാടിത്തം':അതേസമയം ബിജെപിയുടേത് സ്വേച്ഛാധിപത്യമാണെന്ന് വിശേഷിപ്പിച്ച എഎപി നേതാക്കൾ, മനീഷ് സിസോദിയയെ കള്ളക്കേസിൽ കുടുക്കിയതാണെന്നും ആരോപിച്ചു. സിസോദിയയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച നടപടിയിലും എഎപി നേതാക്കളെ കസ്റ്റഡിയിലെടുത്തതിലും പ്രതികരിച്ച ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്, മോദിയുടെ തെമ്മാടിത്തം അതിന്‍റെ ഉച്ചസ്ഥായിയിൽ ആണെന്ന് ട്വീറ്റിൽ ആരോപിച്ചു.
കേസിന്‍റെ നാൾവഴി :2021-22 ലെ ഡൽഹി മദ്യനയത്തിൽ അഴിമതി നടന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് ലഫ്. ഗവർണറായിരുന്ന വിജയ് കുമാർ സക്‌സേനയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. തുടർന്ന് 2021 നവംബർ 17ന് നടപ്പാക്കിയ മദ്യനയം എഎപി സർക്കാർ 2022 ജൂലൈയിൽ പിൻവലിക്കുകയായിരുന്നു. മദ്യനയത്തിൽ ക്രമക്കേട് നടത്തുകയും ഇതിലൂടെ ലഭിച്ച പണം ഗോവയിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആം ആദ്‌മി പാർട്ടി ഉപയോഗിച്ചുവെന്നുമാണ് ആരോപണം.
8 മണിക്കൂർ ചോദ്യം ചെയ്യൽ :കേസുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് സിസോദിയയെ സിബിഐ ചോദ്യം ചെയ്‌തത്. നേരത്തേ ഒക്‌ടോബർ 17നും അദ്ദേഹത്തെ ചോദ്യം ചെയ്‌തിരുന്നു. കഴിഞ്ഞയാഴ്‌ചയായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകാൻ അദ്ദേഹത്തോട് സിബിഐ നിർദേശിച്ചിരുന്നത്.
എന്നാൽ അസൗകര്യം ചൂണ്ടിക്കാട്ടി സിസോദിയ തീയതി മാറ്റിച്ചോദിക്കുകയായിരുന്നു. തുടർന്നാണ് 26ന് ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടത്. ചോദ്യം ചെയ്യലിന് മുന്നോടിയായി രാജ്‌ഘട്ടിലെ മഹാത്മാഗാന്ധിയുടെ സ്‌മാരകം സന്ദർശിച്ച സിസോദിയ, പാർട്ടി പ്രവർത്തകരെ വളരെ വൈകാരികമായി അഭിസംബോധന ചെയ്‌തുകൊണ്ട്, തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനയും നൽകിയിരുന്നു.