എറണാകുളം: ആര്‍ടിഐ പ്രകാരം എല്ലാം ചോദ്യങ്ങള്‍ക്കും വിവരങ്ങള്‍ നല്‍കാന്‍ സിബിഐക്ക് ബാധ്യതയില്ലെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ബഞ്ചിന്‍റേതാണ് ഉത്തരവ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് ഓഫിസറായിരുന്ന തിരുവനന്തപുരം സ്വദേശി രാജീവ് കുമാര്‍ നല്‍കിയ അപ്പീലിലാണ് വിധി.
വിവരാവകാശ നിയമം 2005 ന്‍റെ സെക്കന്‍ഡ് ഷെഡ്യൂളില്‍ ഉള്‍പ്പെടുന്നതാണ് സിബിഐ, എന്‍ഐഎ, എന്‍ഐജി എന്നിവയെന്ന് കോടതി നിരീക്ഷണം. കേസന്വേഷണവുമായി ബന്ധപ്പെട്ട ചില രഹസ്യ വിവരങ്ങള്‍ ആവശ്യപ്പെട്ടാലും അത് നിഷേധിക്കാന്‍ സിബിഐക്ക് അധികാരമുണ്ട്. ഒക്‌ടോബര്‍ 31നായിരുന്നു ഇതുസംബന്ധിച്ച് ഹൈക്കോടതി ഉത്തരവ്.
2012ല്‍ പ്രവാസികളില്‍ നിന്ന് ആനൂകൂല്യങ്ങള്‍ കൈപ്പറ്റി ബാഗേജ് പരിശോധനയില്‍ ഇളവ് നല്‍കിയെന്ന കണ്ടെത്തലില്‍ കമ്മിഷണര്‍ക്കെതിരെ കേസും സിബിഐ അന്വേഷണവുമുണ്ടായിരുന്നു. എന്നാല്‍ കേസ് സിബിഐ കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് അദ്ദേഹം സിബിഐ ഡയറക്‌ടര്‍ക്ക് പരാതി നല്‍കി. ഈ പരാതിയിന്മേൽ സി.ബി.ഐ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു.
എന്നാല്‍ തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചു. ഹർജിക്കാരൻ പല തവണ അപേക്ഷ നൽകിയെങ്കിലും അവയൊക്കെ തള്ളി.പിന്നീട് ഹൈക്കോടതി സിംഗിൾ ബഞ്ചിൽ ഹർജി നൽകിയതും തള്ളപ്പെട്ടതോടെയാണ് ഹർജിക്കാരൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകിയത്.
എന്നാൽ സിംഗിൾ ബഞ്ച് ഉത്തരവ് ശരിവച്ച ഡിവിഷൻ ബഞ്ച് വിവരാവകാശ നിയമപ്രകാരം രേഖകളടക്കം നൽകാൻ സി.ബി.ഐയ്ക്ക് ബാധ്യതയില്ലെന്ന് വിലയിരുത്തി അപ്പീൽ തള്ളുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ കാര്‍ഗോ വിഭാഗത്തില്‍ ജോലി ചെയ്‌ത് കൊണ്ടിരിക്കെയാണ് കസ്റ്റംസ് വിഭാഗം കമ്മിഷണര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തത്. എന്നാല്‍ കേസില്‍ ശരിയായ രീതിയിലായിരുന്നില്ല അന്വേഷണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമ്മിഷണറുടെ ഹര്‍ജിയും തുടര്‍ന്നുള്ള അപ്പീലും.