ബെംഗളൂരു: കാവേരി നദീജലം (Cauvery Water Dispute Issue) തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതില്‍ പ്രതിഷേധിച്ച് ബെംഗളൂരുവില്‍ വിവിധ കര്‍ഷക കന്നഡ സംഘടനകള്‍ ആഹ്വാനം ചെയ്‌ത ബന്ദ് പുരോഗമിക്കുന്നു (Bengaluru Bandh). രാവിലെ ആറിന് ആരംഭിച്ച ബന്ദ് വൈകുന്നേരം ആറ് മണിക്കാണ് അവസാനിക്കുന്നത്. കര്‍ണാടക പ്രതിപക്ഷം ബിജെപി (BJP), ജെഡിഎസ് (JDS), ആം ആദ്‌മി പാര്‍ട്ടി (AAP) എന്നിവയുടെ പിന്തുണയും ബന്ദിനുണ്ട്. അതേസമയം, ബന്ദിനോട് എതിര്‍പ്പ് പരസ്യമാക്കിയ ചില സംഘടനകള്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി രാജ്‌ഭവന്‍ ഉപരോധിക്കും.
കാവേരി നദി താഴ്‌വരയില്‍ മഴ ലഭിക്കാത്ത സാഹചര്യത്തില്‍ കൃഷ്‌ണരാജ സാഗര റിസർവോയർ (Krishna Raja Sagar Reservoir) ഉള്‍പ്പടെയുള്ള വിവധ അണക്കെട്ടുകളില്‍ നീരൊഴുക്ക് കുറഞ്ഞ അവസ്ഥയാണ്. ഈ സാഹചര്യം പരിഗണിക്കാതെ സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടിന് വെള്ളം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് കര്‍ണാടകയിലെ കര്‍ഷക സംഘടനകള്‍ ആദ്യം ബെംഗളൂരു ബന്ദിനും പിന്നീട് കര്‍ണാടക ബന്ദിനും ആഹ്വാനം ചെയ്‌തത്. സെപ്‌റ്റംബര്‍ 29നാണ് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്‌ത സംസ്ഥാന വ്യാപകമായ ബന്ദ്. തമിഴ്‌നാട്ടിലേക്കുള്ള ജലവിതരണം അടിയന്തരമായി നിര്‍ത്തിവയ്‌ക്കണമെന്നും കര്‍ണാടകയിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
150ല്‍ അധികം സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ബെംഗളൂരു ബന്ദ് നടക്കുന്നത്. ബന്ദിന്‍റെ പശ്ചാത്തലത്തില്‍ ബെംഗളൂരു സിറ്റി കലക്‌ടര്‍ കഴിഞ്ഞ ദിവസം തന്നെ മേഖലയിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി ഏര്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ സ്വകാര്യ ബസുകളൊന്നും ഇന്ന് സര്‍വീസ് നടത്തുന്നില്ല.