ഷാജാപൂര്‍:മധ്യപ്രദേശിലെ ഷാജാപൂരിൽ ദളിത് പെൺകുട്ടി സ്‌കൂളിൽ പോകുന്നത് വിലക്കിയ ഗ്രാമവാസികളായ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബവാലിയഖേഡി ഗ്രാമത്തിൽ ശനിയാഴ്‌ച(23.07.2022) പെൺകുട്ടിയുടെ കുടുംബാംഗങ്ങളും പ്രതികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായതിനെ തുടർന്ന് ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തന്‍റെ സ്‌കൂൾ ബാഗ് തട്ടിയെടുക്കുകയും സ്‌കൂളിൽ പോകുന്നത് തടയുകയും ചെയ്‌തതായി ആരോപിച്ചുകൊണ്ടുളള വീഡിയോ പെൺകുട്ടി പുറത്തുവിട്ടിരുന്നു.
ദളിത് പെൺകുട്ടിക്ക് സ്‌കൂളിൽ പോകുന്നതിന് വിലക്ക്, ഏഴ് പേർ അറസ്റ്റിൽ - study restriction against dalit girl at madhya pradesh
ദളിത് പെൺകുട്ടി സ്‌കൂളിൽ പോകുന്നത് വിലക്കിയ മധ്യപ്രദേശിലെ ഗ്രാമവാസികളായ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
പ്രതികളുടെ അഭിപ്രായത്തെ എതിർത്തതിന് തന്‍റെ സഹോദരനേയും മറ്റു കുടുംബാംഗങ്ങളേയും ഇവര്‍ ആക്രമിച്ചതായും പെൺകുട്ടി ആരോപിച്ചു. ഗ്രാമത്തിലെ മറ്റു പെൺകുട്ടികളും പഠിക്കുന്നില്ലെന്ന കാരണത്താൽ 16 വയസുളള ദളിത് പെൺകുട്ടിയോട് സ്‌കൂളിൽ പോകേണ്ടതില്ലെന്ന് നാട്ടുകാർ പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഇന്ത്യൻ ശിക്ഷ നിയമത്തിലെയും പട്ടികജാതി-പട്ടികവർഗ നിയമത്തിലെയും പ്രസക്ത വകുപ്പുകൾ പ്രകാരം ഏഴ് പേരെ തിങ്കളാഴ്‌ച(25.07.2022) പൊലീസ് അറസ്റ്റ് ചെയ്‌തതായി കോട്വാലി പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് അവ്‌ധേഷ് കുമാർ പറഞ്ഞു. ആക്രമണം ആരോപിച്ച് പെൺകുട്ടിയുടെ സഹോദരനെതിരെയും മറ്റു മൂന്ന് പേർക്കെതിരേയും മറുവശത്ത് ക്രോസ് പരാതിയും രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. സംഘർഷത്തിൽ പരിക്കേറ്റവർ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.