ദിസ്‌പൂർ: കന്നുകാലി സംരക്ഷണ ബില്ലിന് പിന്നാലെ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമയ്ക്ക് നേരെ ആക്ഷേപ പരാമർശം നടത്തിയ യുവതിക്കെതിരെ കേസെടുത്ത് അസം പൊലീസ്. കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനും വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ കന്നുകാലി സംരക്ഷണ ബിൽ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹ്യമാധ്യമം വഴി കമർക്കുച്ചി സ്വദേശിയായ യുവതി മുഖ്യമന്ത്രിക്കെതിരെ വിവാദ പോസ്‌റ്റ് ഇട്ടത്.
ജൂലൈ 21നാണ് സംഭവം. കന്നുകാലിയെ കശാപ്പ് ചെയ്യുന്ന ചിത്രം വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ പ്രദർശിപ്പിച്ച യുവതി മാംസത്തിന്‍റെ ഒരു കഷണം അസം മുഖ്യമന്ത്രിക്ക് നൽകുമെന്ന അടിക്കുറിപ്പും നൽകിയിരുന്നു. പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെയാണ് യുവതിക്കെതിരെ നൽബരി ജില്ലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.