ബപട്ല : ആന്ധ്രാപ്രദേശിൽ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിലെ പ്രതികൾക്ക് 20 വർഷം തടവുശിക്ഷ വിധിച്ച് കോടതി. 2022 ൽ ആന്ധ്രാപ്രദേശിലെ ബപട്ല ജില്ലയിലെ റെപ്പല്ലെ റെയിൽവേ പ്ലാറ്റ്‌ഫോമിന് സമീപത്ത് വച്ചാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. റെപ്പല്ലെ സ്വദേശികളായ പി വിജയ കൃഷ്‌ണ, പി നിഖിൽ എന്നിവരാണ് കേസിലെ പ്രതികൾ. ഗുണ്ടൂർ അഡിഷണൽ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
സംഭവം ഇങ്ങനെ : 2022 ഏപ്രിൽ 30ന് രാത്രി 11.30ന് കൃഷ്‌ണ ജില്ലയിലെ നാഗയലങ്ക ഗ്രാമത്തിലേക്ക് യുവതിയും ഭർത്താവും കൂലിപ്പണിക്കായി പോകുകയായിരുന്നു. രാത്രി ഏറെ വൈകിയാണ് ഇവർ റേപ്പല്ലെ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. അതിനാൽ അവർ റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങി.
2022 മെയ് ഒന്നിന് പുലർച്ചെ ഒരു മണിയോടെ പ്രതികൾ യുവതിയെയും ഭർത്താവിനെയും വിളിച്ചുണർത്തി. തുടർന്ന് ഭർത്താവിനെ മർദിച്ച ശേഷം പണം തട്ടിയെടുക്കുകയും യുവതിയെ പീഡനത്തിനിരയാക്കുകയുമായിരുന്നു. ഇതിനിടെ യുവതിയുടെ ഭർത്താവ് ഇവിടെ നിന്നും രക്ഷപ്പെട്ട് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. എന്നാൽ പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും പ്രതികൾ സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞിരുന്നു. അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞുവെന്ന് ബപട്ല പൊലീസ് സൂപ്രണ്ട് വകുൽ ജിൻഡാൽ പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്‌തു : മധ്യപ്രദേശിലെ രേവ ജില്ലയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളാണ് കൂട്ടബലാത്സംഗത്തിനിരയായത്. സംഭവത്തിൽ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുക്കുകയും അതിൽ അഞ്ച് പേർ പിടിയിലാകുകയും ചെയ്‌തു. ഒളിവിലായ മറ്റ് രണ്ട് പേർക്കായി പൊലീസ് തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.