മുംബൈ : ഇന്ത്യയിൽ താമസമാക്കിയ പോളണ്ട് സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെ കേസെടുത്ത് മുംബൈ പൊലീസ്. അംബോലി സ്വദേശിയായ മനീഷ് ഗാന്ധിക്കെതിരെയാണ് നടപടി. 2016 നും 2022 നും ഇടയിൽ പ്രതി പലതവണ യുവതിയെ പീഡിപ്പിച്ചതായാണ് പരാതി. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. 2016 നും 2022 നും ഇടയിലാണ് പ്രതി പോളിഷ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. പീഡന ശേഷം യുവതിയുടെ നഗ്‌നചിത്രങ്ങൾ പകർത്തിയ പ്രതി അവ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.
അതേസമയം പ്രതി പലതവണ ഇരയെ ലൈംഗികമായി പീഡിപ്പിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒളിവിൽ പോയ പ്രതിയെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
ജപ്പാൻ യുവതിക്ക് നേരെ അതിക്രമം: രാജ്യത്ത് വിദേശ വനിതകൾക്കെതിരായ അതിക്രമം സമീപ കാലങ്ങളിൽ വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസമാണ് ഹോളി ആഘോഷത്തിനിടെ ജപ്പാനിൽ നിന്നുള്ള യുവതിയെ ഒരുസംഘം അക്രമികൾ കടന്നുപിടിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ഡൽഹിയിലെ പഹർഗഞ്ചിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.
ജപ്പാനിൽ നിന്ന് ഇന്ത്യ സന്ദർശിക്കാനെത്തിയ യുവതിയെ റോഡിൽ ഹോളി ആഘോഷിക്കുകയായിരുന്ന ഒരു കൂട്ടം യുവാക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. പ്രതികൾ യുവതിയെ കടന്നുപിടിക്കുന്നതും ശരീരത്തിൽ നിറങ്ങൾ പൂശുന്നതും തലയിൽ ശക്‌തിയായി മുട്ട അടിച്ച് പൊട്ടിക്കുന്നതും വീഡിയോയിൽ വ്യക്തമായിരുന്നു. തുടർന്നും തന്നെ കടന്ന് പിടിക്കാൻ വന്ന യുവാവിനെ യുവതി അടിക്കുന്നതും ശേഷം രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാമായിരുന്നു.