പൂനെ:പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരെ രാജ്യവ്യാപകമായി നടത്തിയ റെയ്‌ഡിനെ തുടര്‍ന്ന് അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയതിന് 60ലധികം പേര്‍ക്കെതിരെ കേസ്. ഇന്നലെ(23.09.2022) പൂനെ ജില്ല കലക്‌ട്രേറ്റിന് പുറത്ത് നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് 41 പ്രതിഷേധ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു. റോഡില്‍ തടസം സൃഷ്‌ടിച്ചതിനും നിയമവിരുദ്ധമായി കൂടിചേര്‍ന്നതിനും നിരവധി പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ പ്രതാപ് മങ്കര്‍ പറഞ്ഞു.
നേരത്തെ തന്നെ പ്രതിഷേധം സംഘടിപ്പിക്കരുതെന്ന് സംഘാടകര്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അവര്‍ ഉത്തരവ് പാലിക്കാന്‍ തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്ന് പ്രതിഷേധക്കാർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 141, 143, 145, 147, 149(നിയമവിരുദ്ധമായ കൂടി ചേരല്‍), 188( ഉദ്യോഗസ്ഥര്‍ പുറപ്പെടുവിച്ച ഉത്തരവ് പാലിക്കാതിരുന്നത്), 341( അനാവശ്യ നിയന്ത്രണം) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. കൂടാതെ മഹാരാഷ്‌ട്ര പൊലീസിന്‍റെ ഉചിതമായ വകുപ്പുകള്‍ ചുമത്തിയും കേസ് എടുത്തിട്ടുണ്ട്.