മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് അപകടത്തില്‍പ്പെട്ട ബാര്‍ജ് പി-305 ലെ ക്യാപ്റ്റന്‍ രാകേഷ് ഭല്ലവിനെതിരെ നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്‌തു. അപകടത്തില്‍ രക്ഷപ്പെട്ട ബാര്‍ജിലെ ജീവനക്കാരന്‍ മുസാഫിര്‍ റഹ്മാന്‍ ഹുസൈന്‍ ഷെയ്ക്കാണ് ക്യാപ്റ്റനെതിരെ യെല്ലോ ഗേറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയത്. കാലാവസ്ഥാ മുന്നറിയിപ്പുകൾ അവഗണിച്ച് കനത്ത ചുഴലിക്കാറ്റില്‍ കപ്പൽ നീക്കുന്നതിൽ ക്യാപ്റ്റൻ പരാജയപ്പെട്ടുവെന്നും ക്യാപ്റ്റന്‍റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നു.
Read more: മുംബൈ ബാര്‍ജ് അപകടം; മരണം 49 ആയി
കൂടുതല്‍ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി ഉയർന്നു. അപകടത്തില്‍ ബാര്‍ജിലുണ്ടായിരുന്ന 26 പേര്‍ക്കും വരപ്രദ ബോട്ടിലുണ്ടായിരുന്ന 11 പേര്‍ക്ക് വേണ്ടിയും തിരച്ചില്‍ തുടരുകയാണ്. നാവികസേനയും തീര സംരക്ഷണ സേനയും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. 186 പേരെ ഇതുവരെ രക്ഷപെടുത്തിയിട്ടുണ്ട്.
Also read: മിഗ് -21 യുദ്ധവിമാനം തകർന്നു വീണു; പൈലറ്റ് കൊല്ലപ്പെട്ടു
ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തിങ്കളാഴ്‌ചയാണ് ബാര്‍ജ് പി-305 അപകടത്തില്‍പെട്ടത്. മുംബൈയില്‍ നിന്ന് 35 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ മുങ്ങിപ്പോയ ബാര്‍ജില്‍ എണ്ണഖനനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്ന 261 പേരാണ് ഉണ്ടായിരുന്നത്. മറ്റ് രണ്ട് ബാര്‍ജിലെ 144 പേരെ നേരത്തെ രക്ഷപെടുത്തിയിരുന്നു. വരപ്രദ ബോട്ടില്‍ ഉണ്ടായിരുന്ന 13 പേരില്‍ രണ്ട് പേരെ രക്ഷപെടുത്തി.