കാണ്‍പൂര്‍ : ഉത്തര്‍പ്രദേശില്‍ കാര്‍ മോഷണം നടത്തിയതിന് ബിടെക് വിദ്യാര്‍ഥികളടക്കം മൂന്ന് പേര്‍ അറസ്‌റ്റില്‍. സംസ്ഥാനത്തെ ബരാ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ദബൗള്ളി പ്രദേശത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഉടന്‍ ധനികരാകുന്നതിനാണ് പ്രതികള്‍ മോഷണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
ആളൊഴിഞ്ഞ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന മാരുതി കാറാണ് പ്രതികള്‍ മോഷ്‌ടിച്ചത്. മോഷണ സമയം കാര്‍ സ്‌റ്റാര്‍ട്ട് ആകാതിരുന്നതിനെ തുടര്‍ന്ന് മൂവരും17 കിലോമീറ്ററോളം കാര്‍ തള്ളി നീക്കുകയായിരുന്നു. തുടര്‍ന്ന് വര്‍ക്ഷോപ്പിലെത്തിയ മോഷ്‌ടാക്കള്‍ കേടുപാടുകള്‍ പരിഹരിച്ചതിന് ശേഷം കാര്‍ ഉപയോഗിക്കുകയായിരുന്നു.
മോഷണം ഉടന്‍ ധനികരാകുവാന്‍ :വാഹന ഉടമയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മോഷ്‌ടാക്കളായ മൂന്ന് പേരെയും അറസ്‌റ്റ് ചെയ്യുകയായിരുന്നു. സത്യം കുമാര്‍, അമന്‍ ഗൗതം, അമിത് വര്‍മ എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രതികള്‍ നല്‍കിയ വിവരമനുസരിച്ച് പൊലീസ് കാര്‍ കണ്ടെത്തി.
കേസിലെ ഒന്നും രണ്ടും പ്രതികളായ സത്യം കുമാര്‍, അമന്‍ എന്നിവര്‍ ബിടെക് വിദ്യാര്‍ഥികളാണ്. ഇരുവരും പഠനത്തോടൊപ്പം ഒരു വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ പ്രമോഷന്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു. മൂന്നാം പ്രതിയായ അമിത് വര്‍മ നഗരത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്‍റിലെ ശുചീകരണ തൊഴിലാളിയാണ്.
നഗരത്തിലെ ഒരു പാന്‍ഷോപ്പില്‍ കണ്ടുമുട്ടുന്നത് വഴിയാണ് മൂവരും സുഹൃത്തുക്കളാകുന്നത്. ശേഷം, ഉടന്‍ തന്നെ ധനികരാകുവാന്‍ മൂവരും പദ്ധതിയിടുകയായിരുന്നു. സംഘത്തിലെ ഒളിവില്‍ കഴിയുന്ന റോഷന്‍ എന്ന വ്യക്തിയ്‌ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്.കാറിനൊപ്പം പ്രതികളുടെ പക്കല്‍ നിന്നും രണ്ട് ബൈക്കും പൊലീസ് കണ്ടെടുത്തു.
പാര്‍ട്ട് ടൈം ജോലി എന്ന സന്ദേശത്തില്‍ കബളിക്കപ്പെട്ട് യുവതി : അതേസമയം, ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ ജോലിക്കൊപ്പം പാര്‍ട്ട് ടൈം ജോലി എന്ന പരസ്യം പിന്തുടര്‍ന്ന സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായ യുവതിക്ക് 19 ലക്ഷത്തോളം രൂപ നഷ്‌ടമായിരുന്നു. സ്വന്തം മൊബൈലില്‍ ലഭിച്ച സന്ദേശമാണ് യുവതിയെ കെണിയിലാക്കിയത്. പാര്‍ട്ട് ടൈം ജോലി ചെയ്‌ത് ധാരാളം പണം സമ്പാദിക്കാം. താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക എന്നതായിരുന്നു യുവതിയ്‌ക്ക് ലഭിച്ച സന്ദേശം.
വിജയവാഡയിലെ ഒരു ടെക്ക് കമ്പനിയിലെ ജോലിക്കാരിയായ യുവതി പാര്‍ട്ട് ടൈം ജോലിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സന്ദേശത്തിനൊപ്പം നല്‍കിയ നമ്പരില്‍ ബന്ധപ്പെട്ടു. ജോലിയുടെ വിശദാംശങ്ങള്‍ തിരക്കിയപ്പോള്‍ യൂട്യൂബില്‍ വരുന്ന വീഡിയോകള്‍ക്ക് ലൈക്ക് അടിച്ചാല്‍ മാത്രം മതിയെന്നും ഓരോ ലൈക്കിനും നിശ്ചിത തുക വച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെത്തുമെന്ന് അറിയിച്ചു.
സോഫ്‌റ്റ്‌വെയര്‍ കമ്പനിയിലെ ജോലിക്കൊപ്പം വരുമാനം നേടാന്‍ സഹായകമാകുമെന്ന് ചിന്തിച്ച യുവതി ജോലി ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ചു. ഉടന്‍ തന്നെ ബാങ്ക് അക്കൗണ്ട് നമ്പരും മറ്റ് വിശദാംശങ്ങളും കൈമാറി. പാര്‍ട്ട് ടൈം ജോലിയിലെ ആദ്യ പരീക്ഷണമെന്ന നിലയില്‍ ആദ്യ മൂന്ന് വീഡിയോകള്‍ക്ക് ലൈക്ക് അടിച്ച യുവതിയ്‌ക്ക് നിശ്ചിത തുക ലഭിച്ചു.
തുടര്‍ന്ന് പ്രീപെയ്‌ഡായി പണമടച്ചാല്‍ ജോലി സ്ഥിരപ്പെടുത്താമെന്ന സന്ദേശത്തെ തുടര്‍ന്ന് തവണകളായി 19 ലക്ഷം രൂപ യുവതി കൈമാറി. ശേഷം, 12,95,000 ലക്ഷം ക്രെഡിറ്റായെന്ന് കാണിക്കുന്ന തുക പിന്‍വലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കബളിക്കപ്പെട്ടുവെന്ന് യുവതി തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് യുവതി നല്‍കിയ പരാതിയില്‍ അമരാവതി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.