ലഖ്‌നൗ : ഉത്തർപ്രദേശിൽ കാർ താഴ്‌ചയിലേയ്‌ക്ക് മറിഞ്ഞ് രണ്ട് കുട്ടികളടക്കം ആറ് പേർ മരിച്ചു. ശ്രാവസ്‌തി ജില്ലയിലെ ഇക്കൗന പ്രദേശത്താണ് അപകടം നടന്നത്. ബൽറാംപൂരിൽ നിന്ന് നേപ്പാൾഗഞ്ചിലേയ്‌ക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാറിന് മുന്നിൽപ്പെട്ട കന്നുകാലികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു.
തുടർന്ന് ബഹ്‌റൈച്ച് ബൽറാംപൂർ ദേശീയ പാതയിലെ താഴ്‌ചയിലേയ്‌ക്ക് വാഹനം മറിഞ്ഞു. അപകടത്തിൽ, യാത്രക്കാരായ ആറ് പേർ മരിക്കുകയും ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്‌തു. നേപ്പാൾ സ്വദേശികളായ നീതി (18), നിലാൻഷ് (30), വൈഭവ് ഗുപ്‌ത എന്നിവരാണ് മരിച്ചത്. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം കാർ ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
വാഹനം വൈദ്യുതലൈനിൽ തട്ടി അഞ്ച് മരണം : കഴിഞ്ഞ മാസമാണ് ഉത്തർപ്രദേശിലെ മീററ്റില്‍ തീർഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുതി ലൈനിൽ തട്ടി അഞ്ച് പേർ മരിച്ചത്. മീററ്റിലെ ഒരു ഗ്രാമത്തിന് സമീപം ജൂലൈ 15 നാണ് അപകടം നടന്നത്. അപകടത്തിൽ വൈദ്യുതാഘാതമേറ്റ് 16 പേർക്ക് പരിക്കേറ്റിരുന്നു.
മീററ്റ് ജില്ലയിലെ ഭവൻപൂരിലുള്ള റാലി ചൗഹാൻ ഗ്രാമത്തിൽ താഴ്‌ന്നുകിടന്ന 11 കെവി (ഹൈടെൻഷൻ) വൈദ്യുതി ലൈനിൽ തീർഥാടകർ സഞ്ചരിച്ച വാഹനം തട്ടുകയായിരുന്നു. തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ടവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ച് പേർ മരിച്ചതായി സ്ഥിരീകരിച്ചു. 35 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. മരിച്ചവരിൽ രണ്ട് സഹോദരന്മാരും ഉൾപ്പെടുന്നതായാണ് വിവരം.