ഗാസിയാബാദ്: സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌ത്രീകളടക്കം ആറ് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലെ ഡല്‍ഹി- മീററ്റ് എക്‌സ്‌പ്രസ് ഹൈവേയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പുലര്‍ച്ചെ ആറ് മണിക്ക് അപകടം നടന്നതിനാല്‍ സ്‌കൂള്‍ ബസില്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
ഗാസിപൂരിനടുത്തുള്ള പമ്പില്‍ നിന്നും ഇന്ധനം നിറച്ച ശേഷം സ്‌കൂള്‍ ബസ് തെറ്റായ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. മീററ്റില്‍ നിന്നും വന്ന കാര്‍ ഗുരുഗ്രാമിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. ബസ് തെറ്റായ ദിശയില്‍ സഞ്ചരിച്ചതാണ് അപകടത്തിന് കാരണമെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് എക്‌സ്‌പ്രസ് വേയിലെ ഗതാഗതം തടസപ്പെട്ടു. സംഭവ സ്ഥലത്ത് നിന്നും അപകടത്തില്‍പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുവാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും മോട്ടോര്‍ വാഹന വകുപ്പിന്‍റെ നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. ബസ് ഡ്രൈവറെ ഞങ്ങള്‍ കസ്‌റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉത്തര്‍ പ്രദേശില്‍ ടെംപോയുമായി, അമിതവേഗത്തിലെത്തിയ ടാങ്കര്‍ ലോറി കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ലഖ്‌നൗ വാരണാസി ഹൈവേയിൽ പ്രതാപ്‌ഗഡിലെ ലീലാപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മോഹൻഗഞ്ച് മാർക്കറ്റിന് സമീപമായിരുന്നു അപകടം നടന്നത്.