ചമരാജ്‌നഗർ (കർണാടക):മെതിക്കുന്നതിനായി റോഡരികിൽ ഇറക്കിയിരുന്ന മുതിരയ്‌ക്ക് (horse gram crop) മുകളിലൂടെ കയറിയിറങ്ങിയ കാർ കത്തിനശിച്ചു. ആറ് മലയാളി യുവാക്കൾ സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഗുണ്ടൽപേട്ട് താലൂക്കിലെ ഹൊന്നഗൗഡനഹള്ളി-ഗോപാൽപുര റോഡിൽ ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം.
ടയറിനിടയിൽ മുതിര കുടുങ്ങി; കർണാടകയിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു, മലയാളി യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക് - യുവാക്കൾ സഞ്ചരിച്ച കാർ കത്തി നശിച്ചു
കർണാടകയിലെ ഗുണ്ടൽപേട്ടിലെ ഹൊന്നഗൗഡനഹള്ളി-ഗോപാൽപുര റോഡിൽ ഇന്നലെയാണ് ആറ് മലയാളി യുവാക്കൾ സഞ്ചരിച്ച കാർ കത്തി നശിച്ചത്. റോഡിൽ മെതിക്കാനിട്ടിരുന്ന മുതിര കാറിന്‍റെ ടയറിൽ കുടുങ്ങുകയായിരുന്നു.
റോഡിൽ മെതിക്കാനിട്ടിരുന്ന മുതിരയ്‌ക്ക് മുകളിലൂടെ വാഹനം കയറിയപ്പോൾ ടയറിനിടയിൽ മുതിര കുടുങ്ങിയതാണ് അപകടകാരണം. വാഹനത്തിന് തീപിടിക്കാൻ ആരംഭിച്ചതോടെ യുവാക്കൾ കാറിൽ നിന്നിറങ്ങിയോടി. നാട്ടുകാർ തീ അണയ്‌ക്കാൻ ശ്രമിച്ചെങ്കിലും കാർ പൂർണമായും കത്തി നശിച്ചു. അഗ്നിശമന സേനയും ഗുണ്ടൽപേട്ട് പൊലീസും സ്ഥലത്തെത്തി. സംഭവത്തിൽ പൊലീസ് കേസെടുത്തു.
നെല്ല്, കുത്തരി, റാഗി വിളകൾ തുടങ്ങിയവ തൊണ്ടിൽ നിന്ന് വേർപെടുത്താൻ കർഷകർ റോഡുകളിൽ മെതിക്കുന്ന പാരമ്പര്യം വലിയ അപകടങ്ങൾക്ക് കാരണമാകുന്നു. വിളകൾക്ക് മുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ വേഗത്തിൽ കറങ്ങുന്ന ടയറുകളുമായി സമ്പർക്കം പുലർത്തുമ്പോൾ വലിയ ചൂട് സൃഷ്‌ടിക്കുകയും റോഡും ടയറും തമ്മിലുള്ള ഘർഷണം മൂലം വാഹനത്തിന് തീ പിടിക്കുകയും ചെയ്യുന്നു.