ചണ്ഡീഗഡ്:വിവാഹിതരാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് സ്‌ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി പഞ്ചാബ്, ഹരിയാന ഹൈക്കോടതി. സ്വവര്‍ഗ വിവാഹത്തിന് ഇന്ത്യയില്‍ നിയമ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേടതി നടപടി. അതേസമയം ഇരുവര്‍ക്കും ഒന്നിച്ച് ജീവിക്കാന്‍ കോടതി അനുമതി നല്‍കി.
വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് കാണിച്ച് രണ്ട് സ്‌ത്രീ പങ്കാളികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. ഇരുവരുടെയും കുടുംബം ഇവരുടെ വിവാഹത്തിന് സമ്മതിച്ചു എന്നും എന്നാല്‍ മറ്റൊരാള്‍ വിവാഹത്തെ എതിര്‍ക്കുകയും ചെയ്യുന്നു എന്നാണ് പങ്കാളികള്‍ ഹര്‍ജിയില്‍ പറയുന്നത്. എതിര്‍പ്പ് വന്ന സാഹചര്യത്തില്‍ വിവാഹത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ഹര്‍ജി പരിഗണിച്ച കോടതി, ഇരുവര്‍ക്കും ഒരു ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഒരുമിച്ച് ജീവിക്കാമെന്നും എന്നാല്‍ വിവാഹം കഴിക്കാന്‍ അനുമതി നല്‍കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി. കൂടാതെ തങ്ങളുടെ ജീവന് ഭീഷണി ഉണ്ടെന്നും കോടതി സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പങ്കാളികള്‍ ആവശ്യപ്പെടുകയുണ്ടായി. തുടര്‍ന്ന് ഹര്‍ജിക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ചണ്ഡീഗഡ് പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.
സുരക്ഷ ഓരോ ഇന്ത്യക്കാരന്‍റെയും ഭരണഘടനാപരമായ അവകാശമാണെന്ന് നിരീക്ഷിച്ച കോടതി പങ്കാളികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ഉത്തരവിടുകയായിരുന്നു. ചണ്ഡീഗഡിലെ സെക്‌ടര്‍ 56 ലെ താമസക്കാരാണ് ഹര്‍ജിക്കാര്‍. സുപ്രീം കോടതി 2018 ലാണ് പ്രായപൂര്‍ത്തി ആയവര്‍ തമ്മിലുള്ള സ്വവര്‍ഗ ബന്ധം ക്രിമിനല്‍ കുറ്റമല്ലാതാക്കിയത്.
എന്നാല്‍ സ്വവര്‍ഗ വിവാഹത്തിന് നിമയപരമായ അംഗീകാരം നല്‍കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയാണ്. സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ അടിയന്തരമായി കേള്‍ക്കണം എന്ന വാദത്തെയും കേന്ദ്രം എതിര്‍ത്തിരുന്നു.