ന്യൂഡൽഹി:സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 355 സ്ഥാനാർഥികള്‍ (38 %) ക്രിമിനൽ കേസുകളില്‍ കുറ്റാരോപിതര്‍. രണ്ട് മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെയാണ് ഏറ്റവും കൂടുതൽ കേസുകൾ. 248 എണ്ണം. ബിജെപിയുടെ തന്നെ തൃപ്പൂണിത്തുറ സ്ഥാനാർഥി കെ.എസ് രാധാകൃഷ്‌ണനാണ് കേസുകളുടെ എണ്ണത്തിൽ രണ്ടാമത്. 211 കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്. ഡെമോക്രാറ്റിക് റിഫോംസ് അസോസിയേഷനും കേരള ഇലക്ഷൻ വാച്ചും സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
355 സ്ഥാനാർഥികള്‍ ക്രിമിനൽ കേസിൽ കുറ്റാരോപിതർ - ക്രിമിനൽ കേസിൽ കുറ്റാരോപിതർ
രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെയാണ് ഏറ്റവും കൂടുതൽ കേസുകൾ. 248 എണ്ണം.
കോണ്‍ഗ്രസിന്‍റെ 77ഉം, സിപിഐയുടെ 23 ഉം, ബിജെപിയുടെ 76 സ്ഥാനാർഥികളും തങ്ങൾക്കെതിരെയുള്ള കേസുകളെക്കുറിച്ച് സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ 957 സ്ഥാനാർഥികളിൽ 928 പേർ സമർപ്പിച്ച സത്യവാങ്മൂലമാണ് പഠനത്തിനായി പരിഗണിച്ചത്. കേരളത്തെ കൂടാതെ പുതുച്ചേരി, തമിഴ്‌നാട്, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലേതുള്‍പ്പെടെ 6,792 സ്ഥാനാർഥികളിൽ 6,318 പേരുടെ സത്യവാങ്മുലവും പരിശോധിച്ചിരുന്നു. അതിൽ 1,157 പേരും ക്രിമിനൽ കേസുകളുള്ളവരാണ്. ഇതില്‍ 632 പേർക്കെതിരെ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് കേസ് നിലവിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.