ടൊറന്‍റോ : ഇന്ത്യയിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ മലേഷ്യയിലെ കോലാലംപൂരിലേക്കും സിംഗപ്പൂരിലേക്കും മാറ്റി കാനഡ. കനേഡിയന്‍ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്‌ക്കണമെന്ന് ഇന്ത്യ അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ മാറ്റിയത്. ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്രജ്ഞരുടെ ഉയര്‍ന്ന എണ്ണവും ആഭ്യന്തര കാര്യങ്ങളിലെ അമിത ഇടപെടലും കണക്കിലെടുത്താണ് ഇന്ത്യ അന്ത്യശാസനം നല്‍കിയതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു (External Affairs Ministry spokesperson Arindam Bagchi).
ഒക്‌ടോബര്‍ പത്തിനകം ഉദ്യോഗസ്ഥരെ മാറ്റണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. നയതന്ത്രജ്ഞരെ തിരിച്ച് വിളിക്കാന്‍ ഇന്ത്യ അനുവദിച്ച സമയം അവസാനിച്ചാല്‍ രാജ്യത്ത് അവര്‍ക്ക് പരിരക്ഷ നല്‍കില്ലെന്നും ഇന്ത്യ പറഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇന്ത്യയില്‍ കനേഡിയന്‍ നയതന്ത്രജ്ഞരില്‍ ചിലര്‍ക്ക് ഭീഷണി നേരിടുന്നതായും അതുകൊണ്ട് ഉദ്യോഗസ്ഥരുടെ സുരക്ഷ കൂടി കണക്കിലെടുത്താണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നുമാണ് കാനഡയുടെ വിശദീകരണം. സോഷ്യല്‍ മീഡിയകളില്‍ അടക്കം തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്ന് ഏതാനും ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടതായി ഗ്ലോബര്‍ അഫയേഴ്‌സ് കാനഡ നേരത്തേ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു (Canadian diplomats working in India).
ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ കാനഡ ആഗ്രഹിക്കുന്നുണ്ടെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട് വരികയാണ് (Canada Evacuates Diplomats From India).