കൊൽക്കത്ത :തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിൽ ഉണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സിബിഐക്ക് കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശം. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കാനാണ് ഉത്തരവ്.
അന്വേഷണത്തിൽ സഹകരിക്കാൻ ബംഗാൾ സർക്കാരിനോട് നിർദേശിച്ച കോടതി അക്രമത്തിൽ ബാധിക്കപ്പെട്ടവർക്ക് നഷ്‌ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.
അന്വേഷണത്തിനായി പ്രത്യേക സംഘവും
കൊൽക്കത്ത ഹൈക്കോടതി ആക്‌ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാലിന്‍റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ചിന്‍റേതാണ് ഉത്തരവ്. ബലാത്സംഗം, കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
അക്രമവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എല്ലാ എഫ്ഐആറുകളും സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ബംഗാള്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ALSO READ:പശ്ചിമ ബംഗാൾ അക്രമം; സിബിഐ അന്വേഷണം ശുപാർശ ചെയ്‌ത് മനുഷ്യാവകാശ കമ്മിഷൻ
ഇത് ഒഴികെയുള്ള മറ്റ് കേസുകളുടെ അന്വേഷണത്തിനായി പ്രത്യേക സംഘത്തിന് കൊല്‍ക്കത്ത ഹൈക്കോടതി രൂപം നല്‍കി. പശ്ചിമ ബംഗാള്‍ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക.
ആറ് ആഴ്‌ചയ്‌ക്കുള്ളില്‍ പ്രത്യേക അന്വേഷണ സംഘവും സിബിഐയും ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശമുണ്ട്.
തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിലുണ്ടായ അക്രമങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിരുന്നു.
നിരവധിപേർ ആക്രമിക്കപ്പെട്ടെന്നും വീടുപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നതായും സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടെന്നും പൊതുതാല്‍പര്യ ഹര്‍ജികളില്‍ ആരോപിക്കുന്നു.