മോർബി:ഗുജറാത്തിലെ മോർബി മേഖലയിൽ മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകർന്നു. ഇന്ന് (ഒക്‌ടോബർ 30) നടന്ന അപകടത്തിൽ 60 പേർ മരണപ്പെടുകയും നരിവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം മോർബിയിലെ തൂക്കുപാലം അടുത്തിടെയാണ് യാത്രക്കാർക്കായി തുറന്നുനൽകിയത്. അവധി ദിവസമായതിനാൽ പാലത്തിൽ സാധാരണയിലും അധികം തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇതാണ് പാലം തകരാനുള്ള കാരണമെന്നാണ് പൊലീസ് നിഗമനം.
ഗുജറാത്തിൽ തൂക്കുപാലം തകർന്ന് അപകടം നദിക്ക് കുറുകെയുള്ള തൂക്കുപാലം തകർന്നതോടെ നിരവധിപേർ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ആംബുലൻസെത്തിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്കെത്തിച്ചത്. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് 50,000 രൂപയും നഷ്‌ടപരിഹാരം ഗുജറാത്ത് സർക്കാർ പ്രഖ്യാപിച്ചു. കൂടാതെ രണ്ട് ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.
ദാരുണസംഭവത്തിൽ പ്രധാനമന്ത്രി മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, രാഷ്‌ട്രപതി ദ്രൗപതി മുർമു, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടങ്ങി നിരവധിപേർ അനുശോചനം അറിയിച്ചു.