ന്യൂഡൽഹി :പാർട്ടി അധ്യക്ഷസ്ഥാനം രാജിവച്ചുകൊണ്ടുള്ള നവജ്യോത് സിങ് സിദ്ദുവിന്‍റെ നീക്കത്തിന് പിന്നാലെ പഞ്ചാബ് കോൺഗ്രസിൽ കൂട്ട രാജി. കാബിനറ്റ് മന്ത്രി പർഗത് സിങ് കൂടി തന്‍റെ രാജി സമർപ്പിച്ചതോടെ ചൊവ്വാഴ്‌ച മാത്രം പഞ്ചാബിൽ രാജിവയ്ക്കുന്ന നേതാക്കളുടെ എണ്ണം അഞ്ചായി.
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നും രാജിവച്ചതായി നവജ്യോത് സിങ് സിദ്ദു ട്വിറ്ററിലൂടെയാണ് അറിയിച്ചത്. സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തും അദ്ദേഹം പങ്കുവച്ചിരുന്നു. അതേസമയം സിദ്ദുവിന്‍റെ രാജി അംഗീകരിച്ചിട്ടില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനുപിന്നാലെ സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പിപിസിസി ട്രഷറർ ഗുൽസാർ ഇന്ദർ ചാഹൽ, ക്യാബിനറ്റ് മന്ത്രി റസിയ സുൽത്താന, ജനറൽ സെക്രട്ടറി യോഗീന്ദർ ദിൻഗ്ര എന്നിവരും തങ്ങൾ പദവികള്‍ ഒഴിയുന്നതായി അറിയിച്ചു.
ഏറ്റവും ഒടുവിലായി പഞ്ചാബ് കോൺഗ്രസിൽ നിന്നും പടിയിറങ്ങുന്നതായി അറിയിച്ചത് കാബിനറ്റ് മന്ത്രി പർഗത് സിങ്ങാണ്. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങിന്‍റെ രാജിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി കടുപ്പിക്കുന്നതാണ് കൂട്ടരാജി.
READ MORE: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് നവജ്യോത് സിങ് സിദ്ദു
അതേസമയം സിദ്ദുവിനെ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി അദ്ദേഹത്തിന്‍റെ വസതിയിൽ സന്ദർശിച്ചേക്കുമെന്നാണ് വിവരം. അധ്യക്ഷസ്ഥാനം ഒഴിഞ്ഞെങ്കിലും കോൺഗ്രസിൽ തുടരുമെന്ന് സിദ്ദു നേരത്തേ വ്യക്തമാക്കിയിരുന്നു.
എന്നാൽ സിദ്ദു സ്ഥിരതയില്ലാത്ത വ്യക്തിയാണെന്നും അതിർത്തി സംസ്ഥാനമായ പഞ്ചാബിന് അനുയോജ്യനായ ഒരാളല്ലെന്നുമായിരുന്നു രാജിക്ക് പിന്നാലെ അമരീന്ദർ സിങ്ങിന്‍റെ പ്രതികരണം.
മാസങ്ങൾ നീണ്ട ആഭ്യന്തര കലഹങ്ങൾക്ക് ശേഷം പഞ്ചാബ് കോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കാൻ അധ്യക്ഷനായി നിയമിതനായ സിദ്ദു, അമരീന്ദർ സിങുമായി ദീർഘനാളായി തർക്കത്തിലായിരുന്നു.
അദ്ദേഹത്തിന്‍റെ രാജിക്ക് പിന്നാലെ നിരവധി നേതാക്കളാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഏതു സമയത്തും പൊട്ടിത്തെറിക്കാവുന്ന 'ദിശയില്ലാത്ത മിസൈൽ' എന്നായിരുന്നു അകാലിദളിന്‍റെ ദേശീയ വക്താവ് മഞ്ജീന്ദർ സിങ് സിർസ സിദ്ദുവിനെ വിശേഷിപ്പിച്ചത്.
അതേസമയം സിദ്ദുവിന്‍റെ നടപടിയെ അനുകൂലിച്ചായിരുന്നു കോൺഗ്രസ് രാജ്യസഭ എംപി ശക്തിസിൻഹ് ഗോഹിലിന്‍റെ പ്രതികരണം. കോൺഗ്രസ് നേതാക്കൾക്ക് സ്ഥാനമാനങ്ങളോട് ആർത്തിയില്ലെന്നതാണ് സിദ്ദുവിന്‍റെ രാജി തെളിയിക്കുന്നത്. അദ്ദേഹം തന്‍റെ പാർട്ടിയുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നത് തുടരുമെന്നും ഗോഹിൽ പറഞ്ഞു.