കേരളം

kerala

ക്യാബിനറ്റ് രൂപീകരണം; സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഇന്ന് ഡൽഹിയിലേക്ക്

By

Published : May 19, 2023, 12:46 PM IST

ഒട്ടുമിക്ക മുതിർന്ന നേതാക്കളും മന്ത്രിസഭയിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചന. കൂടാതെ മന്ത്രിമാരായി പുതിയ മുഖങ്ങൾക്ക് അവസരം നൽകാനും സാധ്യതയുണ്ട്.

Siddaramaiah  കർണാടക നിയമസഭ തെരഞ്ഞെടുപ്പ്  കർണാടക മന്ത്രിസഭ  സിദ്ധരാമയ്യ  ഡി കെ ശിവകുമാർ  മല്ലികാർജുൻ ഖാർഗെ  കർണാടക ക്യാബിനറ്റ്  cabinet formation in Karnataka
സിദ്ധരാമയ്യ ഡി കെ ശിവകുമാർ

ബെംഗളൂരു: കർണാടകയിലേക്കുള്ള ക്യാബിനറ്റ് മന്ത്രിമാരെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഹൈക്കമാൻഡുമായി ചർച്ച നടത്താൻ നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. മന്ത്രിസഭ യോഗത്തിനുള്ള നിർദേശിത പേരുകളിൽ ഹൈക്കമാൻഡിന്‍റെ അംഗീകാരം തേടുന്നതിനായി പ്രത്യേകം സജ്ജീകരിച്ച വിമാനത്തിലാണ് ഇരു നേതാക്കളും ഡൽഹിയിലെത്തുക. യോഗങ്ങൾക്ക് ശേഷം ക്യാബിനറ്റ് മന്ത്രിമാരുടെ അന്തിമ പട്ടികയുമായി ഇരുവരും ഇന്ന് തന്നെ ബെംഗളൂരുവിലേക്ക് മടങ്ങുമെന്നാണ് സൂചന.

ഡൽഹി സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ചർച്ച നടത്തും. മന്ത്രിസ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടിക വളരെ വിപുലമായതിനാൽ ഇരുവരുടെയും അടുത്ത അനുയായികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചായിരിക്കും ഈ ചർച്ചകളുടെ പ്രാഥമിക ശ്രദ്ധ എന്നാണ് സൂചന. മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന എംഎൽഎമാരുടെ പട്ടിക ഇരു നേതാക്കളും ഹൈക്കമാൻഡിന് മുന്നിൽ അവതരിപ്പിക്കും.

നേരത്തെ ഡൽഹിയിലേക്ക് പുറപ്പെടുന്നതിന്‍റെ പശ്ചാത്തലത്തിൽ ഡി കെ ശിവകുമാർ തന്‍റെ വസതിയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്‌തിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ നിറവേറ്റുമെന്ന് വ്യക്‌തമാക്കിയ ശിവകുമാർ കർണാടകയിലെ ജനങ്ങളോടുള്ള തങ്ങളുടെ പ്രതിബദ്ധതയും ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ള വ്യഗ്രതയും തുറന്ന് കാട്ടി. 'ഞങ്ങൾ നൽകിയ ഉറപ്പുകൾ നടപ്പിലാക്കാൻ പോകുകയാണ്' എന്നാണ് ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞത്.

മുതിർന്നവർക്കും പുതുമുഖങ്ങൾക്കും അവസരം: മെയ്‌ 20ന് ഉച്ചയ്‌ക്ക് 12.30ന് ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ. മന്ത്രിസഭ രൂപീകരണ പ്രക്രിയയിൽ സാമുദായിക പ്രാതിനിധ്യം, പ്രാദേശിക വിതരണം, സീനിയോറിറ്റി, സ്ത്രീ പങ്കാളിത്തം തുടങ്ങി വിവിധ ഘടകങ്ങൾ പരിഗണിക്കുന്നുണ്ട്. പല മുതിർന്ന നേതാക്കൾക്കും മന്ത്രിമാരായി പ്രവർത്തിക്കാൻ അവസരം ലഭിക്കുമെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന.

അതേസമയം മന്ത്രിസ്ഥാനം നേടാനുള്ള മത്സരം എംഎൽഎമാർക്കിടയിൽ കടുത്ത ലോബിയുണ്ടാക്കിയിട്ടുണ്ട്. ചിലർ സ്വാധീനമുള്ള സാമുദായിക നേതാക്കളിലൂടെ സമ്മർദ തന്ത്രങ്ങൾ പയറ്റുമ്പോൾ മറ്റുചിലർ ഹൈക്കമാൻഡുമായുള്ള ബന്ധം മുതലെടുത്ത് മന്ത്രിസഭയിൽ ഇടം നേടാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി എംഎൽഎമാർ സിദ്ധരാമയ്യയുടെയും ഡികെ ശിവകുമാറിന്‍റെയും വസതികൾ സന്ദർശിച്ച് മന്ത്രിസ്ഥാനത്തിനായി സമ്മർദം ചെലുത്തുന്നുമുണ്ട്.

മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രമുഖരുടെ പേരുകളിൽ മുൻ ഉപമുഖ്യമന്ത്രി ഡോ.ജി പരമേശ്വർ, മുൻ മന്ത്രിമാരായ കെ.ജെ ജോർജ്, രാമലിംഗ റെഡ്ഡി, എം.ബി. പാട്ടീൽ, ആർ.വി. ദേശ്‌പാണ്ഡെ, എച്ച്.കെ. പാട്ടീൽ, എം.കൃഷ്‌ണപ്പ, പ്രിയങ്ക് ഖാർഗെ, ലക്ഷ്‌മൺ സവാദി, ജഗദീഷ് ഷെട്ടാർ, ദിനേഷ് ഗുണ്ടുറാവു, കൃഷ്‌ണബൈരഗൗഡ, എച്ച്.സി മഹാദേവപ്പ, സതീഷ് ജാരക്കിഹോളി, യു.ടി ഖാദർ, ഈശ്വർ ഖണ്ഡ്രെ, സമീർ അഹമ്മദ് ഖാൻ, ലക്ഷ്‌മി ഹെബ്ബാൾക്കർ എന്നിവർ ഉൾപ്പെടുന്നുണ്ട്.

ശരൺപ്രകാശ് പാട്ടീൽ, ശിവലിംഗഗൗഡ, ശിവരാജ് തംഗദഗി, പുട്ടരംഗഷെട്ടി, അല്ലമപ്രഭു പാട്ടീൽ, ശരൺബസപ്പ ദർശനപുര, തൻവീർ സേത്ത്, സലിം അഹമ്മദ്, നാഗരാജ് യാദവ്, രൂപ ശശിധർ, എസ്.ആർ. ശ്രീനിവാസ്, ചെലുവരയസ്വാമി, എം.പി. നരേന്ദ്ര സ്വാമി, മഗഡി ബാലകൃഷ്‌ണ, രാഘവേന്ദ്ര ഹിറ്റ്നാൽ, ബി.നാഗേന്ദ്ര, കെ.എച്ച് മുനിയപ്പ, ആർ.ബി.തിമ്മപുര, ശിവാനന്ദ പാട്ടീൽ, എസ്.എസ് മല്ലികാർജുൻ, റഹീൻ ഖാൻ, ബൈരതി സുരേഷ് എന്നിവരും സാധ്യത പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.

ABOUT THE AUTHOR

...view details