ന്യൂഡൽഹി:സമുദ്രവിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനായി ആഴക്കടൽ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനുള്ള 'ഡീപ് ഓഷ്യൻ' ദൗത്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി ബുധനാഴ്ച അംഗീകാരം നൽകി. അഞ്ചുവർഷത്തേക്ക് 4,077 കോടി രൂപയാണ് മിഷന്‍റെ ചെലവ് കണക്കാക്കുന്നത്. ഘട്ടം ഘട്ടമായാകും ഇത് നടപ്പാക്കുക.
മൂന്ന് വർഷത്തേക്ക് ആദ്യ ഘട്ടത്തിനായി 2,823.4 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. സർക്കാരിന്‍റെ ബ്ലൂ ഇക്കോണമി ഓർഗനൈസേഷനുകളെ പിന്തുണയ്ക്കുന്ന ഒരു മിഷൻ മോഡ് പ്രോജക്റ്റായിരിക്കും ഡീപ് ഓഷ്യൻ മിഷൻ. പര്യവേക്ഷണത്തിനായി മധ്യ ഇന്ത്യൻ മഹാസമുദ്രത്തിൽ 1.5 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശമാണ് ഇന്ത്യ അടയാളപ്പെടുത്തിയിരിക്കുന്നത്.
READ MORE:അഫ്‌ഗാനിസ്ഥാന്‍റെ വികസനത്തിൽ ഇന്ത്യ സുപ്രധാന പങ്ക് വഹിക്കുന്നു: സൽമെ ഖലീൽസാദ്
ദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത് ആറ് ഘടകങ്ങൾ
ആഴക്കടൽ ഖനനത്തിനായുള്ള സാങ്കേതിക വിദ്യകളുടെ വികസനം ഉൾപ്പെടെയുള്ള ആറ് പ്രധാന ഘടകങ്ങളാണ് ഈ ദൗത്യത്തിൽ ഉൾപ്പെടുന്നത്. കടലിലെ കാലാവസ്ഥാ വ്യതിയാനം, ആഴക്കടൽ ജൈവവൈവിധ്യത്തിന്‍റെ പര്യവേക്ഷണത്തിനും സംരക്ഷണത്തിനുമുള്ള സാങ്കേതിക കണ്ടുപിടിത്തങ്ങൾ, ആഴക്കടൽ സർവേയും പര്യവേക്ഷണവും, സമുദ്രത്തിൽ നിന്നുള്ള ഊർജ്ജവും ശുദ്ധജലവും, സമുദ്രത്തിലെ ജീവശാസ്ത്രത്തിനായുള്ള നൂതന മറൈൻ സ്റ്റേഷൻ തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്.
READ MORE:രാമജന്മഭൂമി ട്രസ്റ്റിലെ അഴിമതിക്കാരെ നീക്കണം; നിർവാണി അനി അഖാര മഹന്ത്
സബ്മേഴ്‌സിബിളും ഗവേഷണ കപ്പലും നിർമ്മിക്കും
സെൻസറുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് മൂന്ന് പേരെ സമുദ്രത്തിന്‍റെ 6,000 മീറ്റർ താഴ്ചയിലേക്ക് കൊണ്ടുപോകുന്നതിനായുള്ള പേടകങ്ങൾ (സബ്മേഴ്സിബിൾ) ഇതിലൂടെ വികസിപ്പിക്കും. വളരെ കുറച്ച് രാജ്യങ്ങൾക്ക് മാത്രമാണ് സബ്മേഴ്സിബിൾ ഉള്ളത്. ആഴത്തിലുള്ള സമുദ്ര പര്യവേക്ഷണത്തിനായി ഒരു ഗവേഷണ കപ്പലും പദ്ധതിയിലൂടെ നിർമ്മിക്കും.