കൊൽക്കത്ത: മമത ബാനർജിക്ക് മുഖ്യമന്ത്രി കസേര നിലനിർത്താൻ നിർണായകമായ ഭവാനിപൂർ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ രാവിലെ 11 മണിയോടെ പൂർത്തിയായത് 21.73% പോളിങ് മാത്രം. അതേസമയം, ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മൂർഷിദാബാദ് ജില്ലയിലെ ജംഗിപൂർ, സംസർഗഞ്ച് മണ്ഡലങ്ങളിൽ യഥാക്രമം 36.11, 40.20 ശതമാനം പോളിങ് പൂർത്തിയായി.
രാവിലെ ഏഴ് മണിയോടെയാണ് മൂന്ന് മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് ആരംഭിച്ചത്. കനത്ത സുരക്ഷയാണ് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൂന്ന് മണ്ഡലങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്ന് മണ്ഡലങ്ങളിലേക്കായി കേന്ദ്ര സേനയുടെ 72 കമ്പനികളെ വിന്യസിച്ചിട്ടുണ്ട്. ഇതിൽ 35 എണ്ണം ഭവാനിപൂരിൽ മാത്രമാണ്. പോളിങ് കേന്ദ്രങ്ങൾക്ക് 200 മീറ്റർ ചുറ്റളവിൽ സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. ഭവാനിപൂർ മണ്ഡലത്തിലെ 38 സ്ഥലങ്ങളിൽ പൊലീസ് പിക്കറ്റും ഏർപ്പെടുത്തി.