കടപ്പ (ആന്ധ്രാപ്രദേശ്): വാടക നൽകാത്തതിനെ തുടർന്ന് ആന്ധ്രപ്രദേശ് സർക്കാരിന്‍റെ ട്രാൻസ്‌പോർട്ട് ബസ് സ്‌റ്റാന്‍ഡ് മുനിസിപ്പൽ കോർപ്പറേഷൻ അടച്ചുപൂട്ടി. കടപ്പ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരാണ് ബസ് സ്‌റ്റാന്‍ഡ് അടച്ചുപൂട്ടിയത്. വാടക സംബന്ധിച്ച് ആർടിസി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നുവെങ്കിലും മറുപടി നൽകാത്തതിനെ തുടർന്നാണ് നടപടി.
ഇതെത്തുടര്‍ന്ന് എപിആര്‍ടിസി ബസ്സുകള്‍ സ്‌റ്റാന്‍ഡിനകത്ത് കയറുന്നത് അധികൃതര്‍ തടഞ്ഞു. കോര്‍പ്പറേഷന്‍റെ നടപടിയില്‍ ബുദ്ധിമുട്ടിലായത് യാത്രക്കാരാണ്. കടപ്പ പഴയ ബസ് സ്‌റ്റാന്‍ഡ് പണിതുയര്‍ത്തിയത് നഗരസഭയാണ്. അതുകൊണ്ട് തന്നെ ആർടിസി ബസുകൾ ഇവിടെ പാർക്ക് ചെയ്യുന്നതിനായി മാസംതോറും വാടക നൽകേണ്ടതുണ്ട്. ഇത് മുടങ്ങിയതാണ് നടപടിക്ക് കാരണം. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെയും ആര്‍ടിസി സംസ്ഥാന ചെയർമാന്‍റെയും സ്വന്തം ജില്ല കൂടിയാണ് കടപ്പ എന്നതും ശ്രദ്ധേയമാണ്.