ചിറ്റൂർ :ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം. സ്‌ത്രീകളും കുട്ടികളുമുൾപ്പടെ മരിച്ച സംഭവത്തിൽ ബസിലുണ്ടായിരുന്ന 45 പേർക്ക് പരിക്കേറ്റു. ഭകരപേട്ട കനുമയിൽ മദനപ്പള്ളി-തിരുപ്പതി ഹൈവേയ്‌ക്ക് സമീപം 10.30ഓടെയാണ് അപകടമുണ്ടായത്.
മാലിഷെട്ടി വെങ്കപ്പ (60), മാലിഷെട്ടി മുരളി (45), കാന്തമ്മ (40), മാലിഷെട്ടി ഗണേഷ് (40), ജെ.യശസ്വിനി (8), ഡ്രൈവർ നബി റസൂൽ എന്നിവരാണ് മരിച്ച 6 പേര്‍. ക്ലീനര്‍ അടക്കം രണ്ടാളുകളുടെ പേരുവിവരങ്ങൾ ലഭ്യമല്ല.
63 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് ഡ്രൈവറുടെ അമിത വേഗതയെ തുടർന്നാണ് താഴ്‌ചയിലേക്ക് മറിഞ്ഞതെന്ന് പൊലീസ് പറയുന്നു. വാഹനം വളയ്‌ക്കുന്നതിനിടെ സ്റ്റിയറിങ്ങിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും കൊക്കയിലേക്ക് മറിയുകയുമായിരുന്നു. മലമ്പാതയായതിനാലും ഇരുട്ടായതിനാലും അപകടം അധികം പേരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
ആന്ധ്രയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം ALSO READ:ഇടുക്കിയില്‍ തട്ടുകടയിലെ തർക്കത്തെ തുടര്‍ന്ന് വെടിവയ്‌പ്പ് ; ഒരാൾ മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്
പരിക്കേറ്റവരുടെ നിലവിളി കേട്ട് ചില യാത്രക്കാർ വാഹനങ്ങൾ നിർത്തി ഓടിക്കൂടുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. എസ്‌പിയും കലക്‌ടറുമുൾപ്പടെ സംഭവസ്ഥലത്തെത്തിയിരുന്നു. ആറുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.
എട്ടുവയസുകാരിയും ഒരു സ്‌ത്രീയും നരവാരിപ്പള്ളിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റവരിൽ ഒരു പ്രതിശ്രുതവരനും ഉണ്ടായിരുന്നു. അനന്തപൂർ ജില്ലയിലെ ധർമവരം സ്വദേശിയായ വേണു എന്ന ഇയാളുടെ വിവാഹനിശ്ചയം ഞായറാഴ്‌ച നടക്കാനിരിക്കെയാണ് അപകടം. സംഭവമറിഞ്ഞ് എംഎൽഎ ചെവിറെഡ്ഡി ഭാസ്കർ റെഡ്ഡി തിരുപ്പതി റൂയ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു.