ബുല്‍ധാന (മഹാരാഷ്‌ട്ര): മഹാരാഷ്‌ട്രയിലെ ബുൽധാനയിലെ സമൃദ്ധി മഹാമാർഗ് എക്‌സ്‌പ്രസ് വേയിൽ ബസിന് തീപിടിച്ച് 26 പേര്‍ മരിച്ചു. ഇന്ന് (ജൂലൈ 1) പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. യവത്‌മാലില്‍ നിന്ന് പൂനെയിലേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്.
സംഭവ സ്ഥലത്ത് 25 പേരാണ് മരിച്ചത്. മറ്റൊരാള്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. 32 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ബുല്‍ധാന സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് ഡെപ്യൂട്ടി എസ്‌പി ബാബുറാവു മഹാമുനി പറഞ്ഞു.
ബസിന്‍റെ ഒരു ടയര്‍ പൊട്ടുകയും പിന്നാലെ പില്ലറില്‍ ഇടിക്കുകയുമായിരുന്നു. ഇതിന് ശേഷം ഡിവൈഡറിലും ഇടിച്ചതോടെ ബസിന് തീപിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിന്‍റെ ആക്‌സില്‍ ഒടിഞ്ഞ് ഊരി പോയിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അഗ്‌നിശമന സേന സംഭവ സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ ബസ് പൂര്‍ണമായും കത്തി നശിച്ചിരുന്നു. അപകടത്തില്‍ രക്ഷപ്പെട്ടവര്‍ ബസിന്‍റെ ജനല്‍ തകര്‍ത്ത് പുറത്തുവന്നവരാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ട്രക്ക് പുഴയിലേക്ക് മറിഞ്ഞ് അഞ്ച് മരണം: കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ദതിയയില്‍ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സംഘം സഞ്ചരിച്ച ട്രക്ക് പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് മൂന്ന് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചിരുന്നു. അമിത വേഗതയിലെത്തിയ ട്രക്ക് ബുഹാറ നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ദുർസാദ പൊലീസ് സ്റ്റേഷൻ പരിധിയിൽ രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്.