മംഗളൂരു : സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വാഹനങ്ങൾക്കും തീപിടിത്തം. ബസിന്‍റെ ചക്രത്തിനടിയിൽപ്പെട്ട ബൈക്കിന്‍റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചതോടെ ഇതിൽ നിന്നും ബസിന്‍റെ ഡീസൽ ടാങ്കിലേക്ക് തീ ആളുകയും ബസ് പൂർണമായും കത്തിനശിക്കുകയുമായിരുന്നു. അപകടത്തിൽ കാലിന് പരിക്കേറ്റ ബൈക്ക് യാത്രികനായ ബല്ലാൾ ബാഗ് സ്വദേശി ഡൈലനെ (26) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നഗരത്തിലെ ഹമ്പൻകട്ട സിഗ്നലിൽ വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം. ബസ് ഹമ്പൻകട്ട സിഗ്നൽ മറികടക്കുന്നതിനിടെ ഹമ്പൻകട്ടയിൽ നിന്ന് വലൻസിയ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് ബസിൽ ഇടിക്കുകയായിരുന്നു. തീപിടിത്തമുണ്ടായ ഉടൻ തന്നെ ബസിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരും ഓടിരക്ഷപ്പെട്ടു.