ബെംഗളുരു:ചിക്കമംഗളൂരുവിലെ ബാലഗഡി സർക്കാർ കോളജിൽ വീണ്ടും ബുർഖ- കാവി ഷാൾ പ്രശ്‌നം. ബുർഖ ധരിച്ച് കോളജിൽ വരുന്ന വിദ്യാർഥികളെ എതിർത്ത് ഒരു സംഘം വിദ്യാർഥികൾ കാവി ഷാൾ ധരിച്ച് കോളജിൽ എത്തിയതോടെ മൂന്ന് വർഷം മുൻപ് കോളജിൽ ഉണ്ടായിരുന്ന ബുർഖ- കാവി ഷാൾ പ്രശ്‌നം വീണ്ടും ഉയർന്നിരിക്കുകയാണ്.
ബുർഖ ധരിച്ച് വിദ്യാർഥികൾ കോളജിൽ വരുന്നത് നിർത്തുന്നതുവരെ കാവി ഷാൾ ധരിച്ച് കോളജിൽ വരുന്നത് തുടരുമെന്ന് ഒരു സംഘം വിദ്യാർഥികൾ പറഞ്ഞു. സംഭവത്തിൽ കോളജ് മേധാവി രക്ഷകർത്തൃ യോഗം വിളിച്ചിട്ടുണ്ട്. മൂന്ന് വർഷം മുൻപും കോളജിൽ ഇതേ പ്രശ്‌നം ഉയർന്നുവന്നിരുന്നു. എന്നാൽ അന്ന് കോളജ് മേധാവി രക്ഷകർത്തൃ യോഗം വിളിച്ച് പ്രശ്‌നം പരിഹരിക്കുകയാണുണ്ടായത്.
ഹിജാബ് ധരിക്കാൻ അനുവദിക്കാതെ ഉഡുപ്പി ഗവൺമെന്‍റ് കോളജ്
ഹിജാബ് ധരിച്ച് ക്ലാസിൽ കയറാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഉഡുപ്പി ഗവർൺമെന്‍റ് കോളജിലെ ആറ് വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. എന്നാൽ 60ലധികം മുസ്ലിം പെൺകുട്ടികൾ പഠിക്കുന്ന കോളജിൽ പരാതിയുമായെത്തിയ ആറ് പെൺകുട്ടികളല്ലാതെ ആരും ഹിജാബ് ധരിക്കുന്നില്ലെന്നും എല്ലാവരും കോളജ് നിഷ്‌കർഷിച്ച യൂണിഫോമിൽ മാത്രമേ ക്ലാസിൽ വരാൻ പാടുള്ളൂവെന്നും കോളജ് മേധാവി ഗൗഡ പറഞ്ഞു. രക്ഷകർത്തൃ യോഗത്തിൽ രക്ഷകർത്താക്കൾ അത് അംഗീകരിച്ചതാണെന്നും ഗൗഡ പ്രതികരിച്ചു.
വിഷയത്തിൽ മനപൂർവം ആശയക്കുഴപ്പം സൃഷ്‌ടിക്കാനുള്ള ശ്രമമാണെന്നും സർക്കാർ കോളജുകളിൽ 1985 മുതൽ യൂണിഫോം നിർബന്ധമാണെന്നും ഉഡുപ്പി എംഎൽഎ രഘുപതി പ്രതികരിച്ചു.
Also Read: വികസനത്തെ ചൊല്ലി എംപിയും മന്ത്രിയും വാക്കേറ്റവും കയ്യേറ്റവും, സാക്ഷിയായി മുഖ്യമന്ത്രി | video