ന്യൂഡൽഹി : ഇന്ത്യയിലെയും പാകിസ്ഥാനിലെയും സ്‌കൂളുകളുടെയും സർവകലാശാലകളുടെയും വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്ത് നശിപ്പിക്കുന്ന ശീലം തനിക്കുണ്ടെന്ന് 'ബുള്ളി ബായ്' ആപ്ലിക്കേഷന്‍റെ നിര്‍മാതാവും മുഖ്യ സൂത്രധാരനുമായ നീരജ് ബിഷ്‌ണോയ്. കൂടാതെ സുള്ളി ഡീൽസിന്‍റെ സ്രഷ്‌ടാവുമായി താൻ ബന്ധപ്പെട്ടിരുന്നതായും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി.
തനിക്ക് വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യുകയും അവ നശിപ്പിക്കുകയും ചെയ്യുന്ന ശീലമുണ്ടെന്ന് ബിഷ്‌ണോയി വെളിപ്പെടുത്തി. 15 വയസ് മുതൽ ഹാക്കിങ് പഠിച്ചുവരികയാണ്. ഇന്ത്യയിലെയും പാകിസ്ഥാനിലെയും സ്‌കൂളുകളുടെയും സർവകലാശാലകളുടെയും വിവിധ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യുകയും നശിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.
സുള്ളി ഡീൽസ്' ആപ്പിന്‍റെ സ്രഷ്‌ടാവുമായി ബിഷ്‌ണോയിക്കുള്ള ബന്ധത്തെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങളുടെ ഫോറൻസിക് പരിശോധന നടക്കുകയാണെന്നും മറ്റുള്ള കാര്യങ്ങളില്‍ സാങ്കേതിക വിശകലനം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.
പൊലീസിനോടും വെല്ലുവിളി
ജാപ്പനീസ് ആനിമേറ്റഡ് ഗെയിമിങ് കഥാപാത്രമായ 'ജിഐവൈയു'വിനോട് ബിഷ്‌ണോയിക്ക് ചായ്‌വ് ഉണ്ട്. ഈ വാക്ക് ഉപയോഗിച്ചാണ് ഇയാൾ വിവിധ ട്വിറ്റർ ഹാൻഡിലുകൾ സൃഷ്ടിച്ചിരുന്നത്. കേസിൽ മുംബൈ പൊലീസ് നടത്തിയ അറസ്റ്റുകളെ അപകീർത്തിപ്പെടുത്താനും ഇയാളെ പിടികൂടാൻ പൊലീസിനെ വെല്ലുവിളിക്കാനും ആയി ജനുവരി 3 ന് പ്രതി @ജിഐവൈയു44 എന്ന ട്വിറ്റർ അക്കൗണ്ട് സൃഷ്ടിച്ചിരുന്നു.
പിടിയിലാകുന്നതിന് ഒരു ദിവസം മുൻപ് @ജിഐവൈയു44 എന്ന അക്കൗണ്ടിലൂടെ "നിങ്ങൾ തെറ്റായ ആളെ അറസ്റ്റ് ചെയ്തു, സ്ലംബൈ പൊലീസ്. ഇതിൽ ഒരേയൊരു പയ്യൻ മാത്രമേ ഉൾപ്പെട്ടിട്ടുള്ളൂ, അത് ഞാനാണ്. ആ ആപ്പുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളെ നിങ്ങൾ അറസ്റ്റ് ചെയ്‌തു. നിങ്ങൾക്ക് നാണക്കേട് ഉണ്ടോ പൊലീസ്?" എന്ന് ഇയാൾ ട്വീറ്റ് ചെയ്‌തിരുന്നു.
READ MORE:Bulli Bai App | കസ്റ്റഡിയിലിരിക്കെ മുഖ്യപ്രതി ആത്മഹത്യ ഭീഷണി മുഴക്കുന്നതായി ഡല്‍ഹി പൊലീസ്
അതേസമയം നീരജ് ബിഷ്‌ണോയ് അന്വേഷണ ഏജൻസികളുമായി സഹകരിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇയാൾ കസ്റ്റഡിയിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിയുയര്‍ത്തിയതായും രണ്ടുതവണ സ്വയം മുറിവേല്‍പ്പിച്ചതായും പൊലീസ് അറിയിച്ചു. പൊലീസ് കസ്റ്റഡിയിൽ നീരജിന് സുരക്ഷ ഒരുക്കാനുള്ള ക്രമീകരണങ്ങൾ ചെയ്‌തിട്ടുണ്ട്.